വി സി ബി കം ട്രാക്ടര്‍ വേ പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ യഥാര്‍ത്ഥ്യമാകും
ബളാല്‍ പഞ്ചായത്തിലെ മൈക്കയം ദേവഗിരി കോളനിക്ക് സമീപം കൊന്നക്കാട് ചൈത്രവാഹിനി തോടിന് കുറുകെ നിര്‍മ്മിക്കുന്ന വി സി ബി കം ട്രാക്ടര്‍ വേയുടെ പ്രവൃത്തി ഉദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. പിന്നോക്ക മേഖലയായ ഈ പ്രദേശത്തിന്റെ   കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും  യാത്രാ സൗകര്യം ഒരുക്കുന്നതിനും ജലസംരക്ഷണം ഉറപ്പാക്കുന്നതിനും വി  സി ബി കം ട്രാക്ടര്‍ വേ പദ്ധതിയിലൂടെ സാധ്യമാകുമെന്നു മന്ത്രി പറഞ്ഞു.
കാസര്‍കോട് വികസന പാക്കേജില്‍ 86.67 ലക്ഷം രൂപ നീക്കിവച്ചിരിക്കുന്ന പദ്ധതി  ചെറുകിട ജലസേചന വകുപ്പാണ് നടപ്പാക്കുന്നത്. പട്ടികവര്‍ഗ്ഗ ജനവിഭാഗം കൂടുതലായി അധിവസിക്കുന്ന ഈ പ്രദേശത്ത് ജലസംഭരണം, ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തല്‍ എന്നിവ സാധ്യമാകുന്ന രീതിയില്‍,  റോഡിനു കുറുകെ 12.3 മീറ്റര്‍ വീതിയിലും രണ്ടര മീറ്റര്‍ ഉയരത്തിലുമാണ് വി സി ബി രൂപകല്‍പന. കൂടാതെ സ്റ്റോര്‍ ഷെഡ്ഡും ദേവഗിരി കോളനി പ്രദേശത്തെ ജനങ്ങള്‍ക്ക് കൊന്നക്കാട് ടൗണില്‍ എത്തിച്ചേരുന്നതിനായി 3.3 മീറ്റര്‍ വീതിയില്‍ ട്രാക്ടര്‍ വേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കും.
ചടങ്ങില്‍ ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രാധാമണി അധ്യക്ഷയായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, മുന്‍ എം എല്‍ എ എം കുമാരന്‍,ബളാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം  മിനി മാത്യു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി തമ്പാന്‍, എം പി ജോസഫ്,  ബിജു പാലാട്ട്, അരുണ്‍ തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി ടി സഞ്ജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ ഡി പി സ്പെഷ്യല്‍ ഓഫീസര്‍ ഇ  പി രാജ്മോഹന്‍ സ്വാഗതവും ബളാല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി വി പ്രഭാകരന്‍ നന്ദിയും പറഞ്ഞു.