എട്ട് സി.എഫ്.എൽ.ടി.സികൾ കൂടി തുടങ്ങും

കൊച്ചി നഗരത്തിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ നടപടി ശക്തമാക്കി ജില്ലാ ഭരണ കേന്ദ്രം. പുതുതായി 8 പ്രഥമ ചികിത്സാ കേന്ദ്രങ്ങൾ കൂടി ഉടനെ പ്രവർത്തനം തുടങ്ങും. ബ്രേക്ക് ദ ചെയിൻ നിർദ്ദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാനും ജില്ലാ കലക്ടർ എസ്.സുഹാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന എം.എൽ.എമാരുടേയും ജില്ലാതല ഉദ്യോഗസ്ഥരുടേയും യോഗം തീരുമാനിച്ചു.

പള്ളുരുത്തി കച്ചേരിപ്പടി കമ്മ്യൂണിറ്റി ഹാൾ, വൈറ്റില എസ് വൈ യോഗം ഹാൾ,
മട്ടാഞ്ചേരി കൽവത്തി ഹാൾ, വടുതല ഡോൺ ബോസ്കോ, ഇടക്കൊച്ചി പണ്ഡിറ്റ് കറുപ്പൻ ഹാൾ, കലൂർ എ ജെ ഹാൾ,
കതൃക്കടവ് സെൻറ് ഫ്രാൻസിസ് ചർച്ച് ഹാൾ, ഇടപ്പള്ളി ചർച്ച് ഹാൾ എന്നിവിടങ്ങളിലാണ് പുതിയ സി എഫ് എൽ ടി സി കൾ പ്രവർത്തനം തുടങ്ങുക.ഇത്രയും പ്രഥമ ചികിത്സാ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പ്രക്രിയ പൂർത്തിയായിട്ടുണ്ട്.

നഗരത്തിൽ പ്രധാനപ്പെട്ട ഒരു സി.എഫ്.എൽ.ടി.സിയാണ് നേരത്തെ ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ്
ഒൻപതിലേക്ക് പ്രഥമ ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണം ഉയരുന്നത്.

കൊച്ചി കോർപ്പറേഷനിൽ
സെക്രട്ടറിയുടെ അഭാവം പ്രതിഫലിക്കാത്ത വിധത്തിൽ ഉദ്യോഗസ്ഥർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. പ്ലാൻ ഫണ്ടിൽനിന്ന്
കോവിഡ് പ്രതിരോധത്തിനായി ചിലവഴിക്കാൻ അനുവാദമുള്ള തുക ഇതിനായി പ്രയോജനപ്പെടുത്തണം.

ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിനു പകരമായി, രോഗികൾക്ക് കോവിഡ് പരിചരണം നൽകുന്നതിന് ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളാണ് പ്രഥമ ചികിത്സാ കേന്ദ്രങ്ങൾ എന്ന് പൊതുജനങ്ങളെ ബോധവൽക്കരിക്കണം എന്ന് എംഎൽഎമാർ ആവശ്യപ്പെട്ടു.പി. ആൻ്റ് ടി കോളനി,ചേരാനല്ലൂർ,പശ്ചിമകൊച്ചി തുടങ്ങിയ
കേന്ദ്രങ്ങളിൽ പ്രത്യേകം ശ്രദ്ധപുലർത്തും.
വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുന്നവർക്ക് ടെലി മെഡിസിൻ സൗകര്യത്തിലൂടെ
ആവശ്യമായ നിർദേശങ്ങൾ നൽകും.
ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ജില്ലാ ഭരണ കേന്ദ്രത്തിൽനിന്ന് ലഭ്യമാക്കുമെന്നും കളക്ടർ അറിയിച്ചു.

ബ്രേക്ക് ദ ചെയിൻ നിർദ്ദേശങ്ങൾ
കർശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തും. അനാവശ്യമായി പുറത്തിറങ്ങുന്നത്
നിരുത്സാഹപ്പെടുത്തും. കോവിഡ് വ്യാപനം
നിർണായക ഘട്ടത്തിൽ എത്തി നിൽക്കേ, ഒരു തരത്തിലുള്ള വീഴ്ചയും
അംഗീകരിക്കാനാവില്ലെന്നും ജനകീയ കാമ്പയിനിലൂടെ ബോധവൽക്കരണം ശക്തിപ്പെടുത്തുമെന്നും കലക്ടർ അറിയിച്ചു. എം.എൽ.എമാരായ എം.സ്വരാജ്, പി.ടി.തോമസ്, ടി.ജെ.വിനോദ് , അസിസ്റ്റൻ്റ് കലക്ടർ രാഹുൽ കൃഷ്ണശർമ്മ, ഡി.എം.ഒ.ഡോ.എൻ.കെ.കുട്ടപ്പൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.ശ്രീദേവി, ഡി.പി.എം ഡോ.മാത്യൂസ് നുമ്പേലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.