എറണാകുളം: കോവിഡ് രോഗം ജീവിതത്തിൽ ഭയവും ആശങ്കകളും നിറക്കുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ പിന്തുണയോടെ ആത്മവിശ്വാസത്തോടെ കോവിഡ് രോഗത്തെ അതിജീവിച്ച അനുഭവമാണ് ബി. വേണുഗോപാലൻ പോറ്റി എന്ന 65 കാരന് പറയാനുള്ളത്. ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും രോഗികളായി എത്തുന്നവർക്ക് സ്വന്തം കുടുംബത്തിലേതെന്ന പോലുള്ള പരിഗണനയാണ് എഫ്. എൽ. ടി. സി. കളിൽ ലഭ്യമാകുന്നതെന്ന് വേണുഗോപാലൻ പോറ്റി തന്റെ അനുഭവത്തിലൂടെ വ്യക്തമാക്കുന്നു. നിരീക്ഷണ കേന്ദ്രങ്ങളിലും കോവിഡ് ആശുപത്രികളിലും കൂട്ടിരിപ്പുകാരില്ലാതെ കൃത്യമായ പരിചരണം ലഭിക്കുമോ എന്ന ആശങ്ക പങ്കു വെക്കുന്നവർക്ക് നിരീക്ഷണ കേന്ദ്രങ്ങളിൽ അത്തരത്തിനുള്ള യാതൊരു ആശങ്കകൾക്കും ഇടമില്ലെന്നു കൂടി വ്യക്തമാക്കുകയാണ് അദ്ദേഹം.

സെപ്റ്റംബർ 26-ആം തീയതി ആണ് വേണുഗോപാലൻ പോറ്റിയെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി രാജഗിരി ഹോസ്റ്റലിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചത്. 65 വയസുകാരനായ അദ്ദേഹത്തിന് ചുമയും തൊണ്ട വേദനയും മാത്രമായിരുന്നു ലക്ഷണങ്ങൾ. രക്ത സമ്മർദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കും അദ്ദേഹം മരുന്ന് കഴിച്ചിരുന്നു.

മാധ്യമങ്ങളിൽ നിന്നുള്ള കോവിഡ് വാർത്തകളും കോവിഡിനെ കുറിച്ച് ഈ കാലയളവിൽ അറിഞ്ഞ വിവരങ്ങളും ഒപ്പം കോവിഡ് പോസിറ്റീവ് ആണെന്ന ആശങ്കയും എഫ്. എൽ. ടി. സി. യിലെത്തി ഏതാനും നിമിഷങ്ങൾക്കകം ഇല്ലാതായി. അത്ര മാത്രം ഹൃദ്യമായിരുന്നു എഫ്. എൽ. ടി. സി യിലെ ജീവനക്കാരുടെ പെരുമാറ്റം. ഒപ്പം വൃത്തിയും സൗകര്യങ്ങളുമുള്ള മുറിയും രുചികരമായ ഭക്ഷണ ക്രമവും ആരോഗ്യം എളുപ്പത്തിൽ വീണ്ടെടുക്കാമെന്ന ആത്മവിശ്വാസം നൽകി.

കൃത്യമായ ഇടവേളകളിൽ മരുന്നും രുചിയേറിയ ഭക്ഷണവും ഒപ്പം കുടുംബത്തിലെ അംഗങ്ങളെ പോലെ കരുതലോടെ ഇടപെടുന്ന ജീവനക്കാരും ആണ് കോവിഡ് രോഗത്തെ ധൈര്യ പൂർവ്വം നേരിടാൻ ആത്മവിശ്വാസം നൽകിയതെന്ന് വേണുഗോപാലൻ പോറ്റി പറയുന്നു. ദിവസവും ഒരു നേരമെങ്കിലും സന്ദർശിക്കാൻ ഡോക്ടർ നേരിട്ടത്തിയിരുന്നു. ഏകാന്തതയിൽ സമയം ചെലവഴിക്കാൻ ആയി പുസ്തകങ്ങളും പത്രങ്ങളും സഹായകമായി. ഒക്ടോബർ 8 നാണ് രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തത്. സ്വകാര്യ ആശുപത്രികളിൽ വലിയ തുക ഈടാക്കി നൽകുന്ന സേവനങ്ങളെക്കാൾ കരുതലും സ്നേഹവും സർക്കാരിന്റെ കോവിഡ് ചികിത്സ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭിക്കുന്നതിന്റെ അനുഭവങ്ങൾ ആണ് വേണുഗോപാലൻ പോറ്റി പങ്കു വെയ്ക്കുന്നത്. ഡോ. സിറിലിന്റെ നേതൃത്വത്തിൽ ഉള്ള ആരോഗ്യ പ്രവർത്തകർ ആണ് ചികിത്സക്ക് നേതൃത്വം നൽകിയത്.

ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോളും ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ളവരിൽ കോവിഡ് 19 സ്ഥിരീകരിക്കുമ്പോളും രോഗബാധിതർക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കണമെന്ന നിശ്ചയദാർഢ്യത്തിലാണ് ജില്ലാ ആരോഗ്യ വിഭാഗം. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും ആശുപത്രികളിലും മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിൽ ജില്ലാ ഭരണകൂടവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും സദാ ജാഗരൂഗരാണ്. ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകരം കൂടിയാണ് ബി. വേണുഗോപാലൻ പോറ്റിയുടെ വാക്കുകൾ.