കോഴിക്കോട്: കൊടുവള്ളി മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യവികസനത്തിന് 14 കോടി രൂപ അനുവദിച്ചതായി കാരാട്ട് റസാഖ് എംഎല്‍എ അറിയിച്ചു. കൊടുവള്ളി സിഎച്ച്എം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന് 12 കോടി രൂപയും രാരോത്ത് ഗവണ്‍മെന്റ് ഹൈസ്‌കൂളിന് ഒരു കോടി രൂപയും ആരാമ്പ്രം ഗവണ്‍മെന്റ് യുപി സ്‌കൂളിന് ഒരു കോടി രൂപയുടെയും പദ്ധതികള്‍ക്കാണ് കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമായത്. ചൊവ്വാഴ്ച കിഫ്ബി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് പദ്ധതി
കള്‍ക്ക് അംഗീകാരം ലഭിച്ചത്.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി കൊടുവള്ളി ഗവ. കോളജിലെ വികസനം സമാനതകളില്ലാത്തതാണ്. 12 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയത് പൊതുമേഖലാസ്ഥാപനമായ കിറ്റ്‌കോയാണ്. നിലവിലെ കെട്ടിടത്തിന് മുകളില്‍ ഇരുനില കെട്ടിടവും മൂന്നു നിലകളുള്ള പുതിയ അക്കാദമിക് ബ്ലോക്കും രണ്ടു നിലകളിലുള്ള ലൈബ്രറി ബ്ലോക്കുമാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കപ്പെടുന്നത്. വിവിധ ക്ലാസ് റൂമുകള്‍ക്ക് പുറമേ സ്റ്റാഫ്‌റൂം എന്‍എസ്എസ്, എന്‍സിസി റൂമുകള്‍, വിശാലമായ സൗകര്യങ്ങളോടുകൂടിയ ലൈബ്രറി സൗകര്യം, റഫറന്‍സ് ഹാള്‍, ഡിജിറ്റല്‍ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, മീറ്റിംഗ് ഹാള്‍, എല്ലാ നിലകളിലും ടോയ്ലറ്റ് സൗകര്യങ്ങള്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് പുതിയ കെട്ടിടം പൂര്‍ത്തീകരിക്കുക.

ഒരു കോടി രൂപയുടെ പുതിയ പദ്ധതികളാണ് രാരോത്ത് ഗവ. ഹൈസ്‌കൂളിലും ആരാമ്പ്രം ഗവ. യുപി സ്‌കൂളിലും ആരംഭിക്കുക. ഇതു കൂടാതെ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി രാരോത്ത് ഗവ. ഹൈസ്‌കൂളില്‍ 86.5 ലക്ഷം രൂപയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ആരാമ്പ്രം ഗവ. യുപിസ്‌കൂളില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി 43.5 ലക്ഷം രൂപയുടെ പ്രവൃത്തിയും പുരോഗമിക്കുകയാണ്, സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 80 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടം കഴിഞ്ഞ മാസമാണ് ഉദ്ഘാടനം ചെയ്തത്.

കിഫ്ബിയിലൂടെ മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കിയത്. വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് അന്തര്‍ദേശീയ നിലവാരത്തിലുള്ള അക്കാദമിക സൗകര്യം ഒരുക്കി നല്‍കുന്നതിന് സഹായകരമാകുമെന്നും കാരാട്ട് റസാഖ് എംഎല്‍എ പറഞ്ഞു.