തൃശ്ശൂര്‍: ബ്രഹ്മകുളം ഇ കെ നായനാർ ചിൽഡ്രൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഓൺലൈനായി നിർവഹിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും ഗുരുവായൂർ നഗരസഭയുടെയും സംയുക്ത പദ്ധതിയായ അമൃത് പദ്ധതിയിലെ ഗ്രീൻ സ്‌പേസ് പാർക്ക് സെക്ടറിൽ നിർമ്മിച്ചതാണ് പാർക്ക്. അമൃത് പദ്ധതിയിൽ മൂന്ന് പാർക്കുകൾ, രണ്ട് ഗ്രൗണ്ടുകൾ, ഇൻഡോർ സ്റ്റേഡിയം എന്നിവ നിർമ്മിക്കുന്നുണ്ട്.
നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി ഗ്രാമാന്തരീക്ഷത്തിലാണ് കുട്ടികൾക്കായി കളിസ്ഥലം ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കായുള്ള ഗുരുവായൂരിലെ രണ്ടാമത്തെ പാർക്കാണിത്. സാംസ്‌കാരിക പരിപാടികൾക്കും ആഘോഷങ്ങൾക്കുമായി പാർക്കിൽ തന്നെ തുറന്ന സ്റ്റേജും സജ്ജമാണ്. 62 ലക്ഷം രൂപയാണ് പാർക്കിന്റെ നിർമ്മാണ ചെലവ്.
കെ വി അബ്ദുൽ ഖാദർ എം എൽ എ ചിൽഡ്രൻസ് പാർക്കിന്റെ ശിലാസ്ഥാപനം നടത്തി. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ അമൃത് മിഷൻ ഡയറക്ടർ ഡോ: രേണുരാജ് വിശിഷ്ടാതിഥിയായി.