കൊല്ലം : മൃഗസംരക്ഷണ മേഖലയിൽ പ്രാദേശിക പ്രത്യേകതകൾ കൂടി പരിഗണിച്ച് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ആശങ്കകൾ നിറഞ്ഞ കാലത്ത് ആശങ്കകൾ ഒഴിഞ്ഞ മേഖലയായി മൃഗസംരക്ഷണം മാറുന്നതായും വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു. രാപ്പകൽ പ്രവർത്തിക്കുന്ന പോളി ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം കരുനാഗപ്പള്ളി പോളിക്ലിനിക്കിൽ നിർവഹിക്കുകയായിരുന്നു മന്ത്രി ചടങ്ങിൽ ആർ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുത്ത 27 മൃഗാശുപത്രികളിൽ രാത്രികാല സേവനം നൽകുകയാണ് ഇപ്പോൾ. പശു ഗ്രാമം സുഭിക്ഷ കേരളം തുടങ്ങിയ പദ്ധതികൾ വഴി മൃഗസംരക്ഷണമേഖലയിൽ കാർഷിക രംഗത്തും സർക്കാർ നിരവധി സഹായങ്ങൾ നൽകി വരുന്നു. 6 പ്രളയബാധിത ജില്ലകൾക്ക് പ്രത്യേക സഹായം നൽകുന്നുണ്ട് .
പാൽ ഉൽപാദനത്തിൽ സംസ്ഥാനം മികച്ച നേട്ടം കൈവരിച്ചു. കോഴികളെ അഞ്ചിൽ അധികവും പശുക്കളെ പത്തിലധികവും വളർത്താൻ ലൈസൻസ് വേണ്ടിയിരുന്നത് മാറ്റി നിലവിൽ 20 പശുക്കളെയും 1000 കോഴികളെയും പ്രത്യേക അനുമതി കൂടാതെ വളർത്താൻ ഓർഡിനൻസ് ആകും. കരുനാഗപ്പള്ളി പോളിക്ലിനിക് കെട്ടിടം നവീകരിക്കണമെന്ന എംഎൽഎയുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.