കൊച്ചി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന 100 കുളം പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി മുളന്തുരുത്തി പഞ്ചായത്തിലെ ആരക്കുന്നം ചിറ ശുചീകരിച്ചു. ആരക്കുന്നം ടോക് എച്ച് എഞ്ചിനീയറിംഗ് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റും എന്‍എസ്എസ് യൂണിറ്റും ശുചീകരണ യത്‌നത്തില്‍ പങ്കാളികളായി.
ആരക്കുന്നം പ്രദേശത്തെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിവെള്ള സ്രോതസ്സായ ചിറയുടെ നവീകരണമാണ് മാര്‍ച്ച് 22 ലെ ജലദിനത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ നടത്തിയത്. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള നേതൃത്വം നല്‍കുന്ന ജില്ലയില്‍ നടന്നുവരുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചിറ നവീകരിക്കുന്നതിന് ടോക് എച്ച് എഞ്ചിനീയറിംഗ് കോളേജ് സ്വമേധയാ മുന്നോട്ടു വന്നത്. രാവിലെ 9 മണിക്ക് അരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റഞ്ചി കുര്യന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രീതി തെക്കേത്ത്, പ്രാഫ.ലത, മൈനര്‍ ഇറിഗേഷന്‍ അസി.എക്‌സി എഞ്ചിനീയര്‍ സുജാത എന്നിവര്‍ നേതൃത്വം നല്‍കി.
മാര്‍ച്ച് 4 ന് തുടക്കം കുറിച്ച നൂറുകുളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതിനോടകം 11 കുളങ്ങള്‍ നവീകരിച്ചു. ഞായറാഴ്ച നടന്ന ദര്‍ബാര്‍ ഹാര്‍ ഗ്രൗണ്ടിലെ കുളം നവീകരണത്തില്‍ റോട്ടറി ക്ലബ് മിലന്‍ കൊച്ചിയും, മൂക്കന്നൂരില്‍ നടന്ന 3 കുളങ്ങളുടെ നവീകരണത്തില്‍ കറുകുറ്റി എസ് സി എം എസ് എഞ്ചിനീയറിംഗ് എന്‍ എസ് എസ് ടെക്‌നിക്കല്‍ സെല്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. കഴിഞ്ഞവര്‍ഷങ്ങളില്‍ നവീകരിച്ച 206 കുളങ്ങളില്‍ നന്നായി പരിപാലിക്കുന്ന 5 കുളങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ മാര്‍ച്ച് 22 ജലദിനത്തിന് അവാര്‍ഡുകള്‍ നല്‍കും.