നെഹ്റു യുവകേന്ദ്രയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ചേർന്ന് കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിക്കുന്ന വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർ പങ്കെടുക്കുന്ന യുവജന സമ്പർക്ക പരിപാടി നാളെ(മാർച്ച് 21) രാവിലെ 10ന് ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. കെ. മുരളീധരൻ എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഒ. രാജഗോപാൽ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും.
ഐ.ബി. സതീഷ് എം.എൽ.എ., എൻ.എസ്.എസ്. റീജണൽ ഡയറക്ടർ ജി.പി. സജിത്ത് ബാബു, നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ ക. കുഞ്ഞഹമ്മദ്, ജില്ലാ കോ-ഓർഡിനേറ്റർ ബി. അലി സാബ്രിൻ എന്നിവർ പങ്കെടുക്കും. സംസ്ഥാന-ജില്ലാ തലത്തിൽ മികച്ച യുവജനക്ലബുകളായി തെരഞ്ഞെടുത്തവയ്ക്കുള്ള പുരസ്കാരങ്ങൾ ഗവർണർ വിതരണം ചെയ്യും. യുവജനസൗഹാർദ സന്ദേശമുയർത്തി ബലൂണുകൾ പറത്തും.
രാവിലെ 11.30ന് നടക്കുന്ന യുവജനസമ്പർക്ക പരിപാടിയിൽ സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, കായിക-യുവജന വകുപ്പ് ഡയറക്ടർ സഞ്ജയ് കുമാർ, യുവജന ക്ഷേമബോർഡ് മെമ്പർ സെക്രട്ടറി കണ്ണൻ, ഡോ. ആർ.എൻ. അൻസാർ, പ്രജേഷ് സെൻ എന്നിവർ പങ്കെടുക്കും. ബ്രഹ്മനായകം മഹാദേവൻ, രാജീവ് രാമചന്ദ്രൻ എന്നിവർ മോഡറേറ്റർമാരാകും. എൻ.എസ്.എസ്. വോളന്റിയർമാർ പങ്കെടുക്കും. വൈകിട്ട് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ അവതരിപ്പിക്കും. അസം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗലാൻഡ്, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള 250 അംഗ സംഘം വിവിധ പ്രദേശങ്ങൾ സന്ദർശിക്കും. പരിപാടി 27 ന് സമാപിക്കും.