കോവിഡ് 19 പ്രതിരോധ -നിയന്ത്രണ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഒക്ടോബറില്‍ നടക്കുന്ന നവരാത്രി ചടങ്ങുകള്‍ക്കും ആലോഷങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍ കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം:

  • ‘വിദ്യാരംഭം’ ‘ബൊമ്മക്കൊലു’ തുടങ്ങിയ ചടങ്ങുകള്‍ അതാത് കുടുംബങ്ങളിലോ സുരക്ഷിതമായ രണ്ടോ മൂന്നോ കുടുംബങ്ങളുടെ അയല്‍ക്കൂട്ടത്തിലോ നടത്തുക.
  • കണ്ടെയ്ന്‍മെന്റ് സോണുകളിലെ വീടുകള്‍ക്ക് വെളിയിലുള്ള ആഘോഷങ്ങള്‍ ഒഴിവാക്കുക.
  • 65 വസ്സിനു മുകളില്‍ പ്രായമുള്ളവരും, ഗുരുതര രോഗങ്ങളുള്ളവരും, ഗര്‍ഭിണികളും 10 വയസ്സിനു താഴെയുള്ള കുട്ടികളും വീടുകളില്‍ തന്നെ കഴിയുക.
  • ചടങ്ങുകളില്‍ 40 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്.
  • പൂജാ പന്തലുകള്‍, സംഗീത വേദികള്‍, വിദ്യാരംഭം തുടങ്ങിയ ചടങ്ങുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക. സന്ദര്‍ശകര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും വ്യത്യസ്ത സമയങ്ങള്‍ ഏര്‍പ്പെടുത്തുക.
  • ആഘോഷവേദികളുടെ പ്രവേശന കവാടത്തില്‍ പനി പോലുള്ള രോഗലക്ഷണങ്ങള്‍ നിര്‍ണ്ണയിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, തളര്‍ച്ച, മണവും രുചിയും തിരിച്ചറിയാനാവാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കുകയും ഉടന്‍ തന്നെ ചികിത്സ തേടുകയും ചെയ്യുക.
  • ചടങ്ങുകളില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തികള്‍ക്കുമിടയില്‍ ആറടി അകലം ഉറപ്പാക്കുക.
  • മുഖാവരണം അഥവാ ഫേസ്മാസക് ധരിക്കുന്നത് ഉറപ്പുവരുത്തുക.
  • ആഘോഷവേദികളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കൈകള്‍ ശുചിയാക്കാന്‍ സോപ്പും വെള്ളവും/ ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുക.
  • സന്ദര്‍ശകര്‍ നിരന്തരം സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ ഒരു ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോക്ലോറേറ്റ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.
  • എഴുത്തിനിരുത്തുന്നതിന്റെ ഭാഗമായി നാവില്‍ എഴുതുന്നതിനുള്ള സ്വര്‍ണ്ണം ഓരോ കുട്ടിക്കും വേറെ വേറെ ഉപയോഗിക്കുക.
  • ചടങ്ങുകളില്‍ പങ്കെടുക്കുന്ന ഒരോരുത്തരുടേയും പേരും വിലാസവും ഫോണ്‍ നമ്പറും ഒരു രജിസ്റ്ററില്‍ രേഖപ്പെടുത്തി വാങ്ങുക.