കിരീടം നേടി എരിമയൂര്‍ ഗ്രാമപഞ്ചായത്ത്

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ആലത്തൂര്‍ ബ്ലോക്ക്തല കേരളോത്സവത്തില്‍ എരിമയൂര്‍ ഗ്രാമപഞ്ചായത്ത് ജേതാക്കളായി. 113 പോയിന്റുകള്‍ നേടിയാണ് എരിമയൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. കാവശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. മത്സര വിജയികള്‍ ചിറ്റൂരില്‍ നടക്കുന്ന ജില്ലാതല കേരളോത്സവത്തില്‍ പങ്കെടുക്കും. സമാപന സമ്മേളനം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി.

യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്ന് ദിവസങ്ങളിലായാണ് ബ്ലോക്ക്തല കേരളോത്സവം സംഘടിപ്പിച്ചത്. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഴമ്പാലക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലത്തൂര്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലത്തൂര്‍ എ.എസ്.കെ ഇന്‍ഡോര്‍ സ്റ്റേഡിയം, കണ്ണമ്പ്ര സ്റ്റേഡിയം, ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം സ്‌കൂള്‍, കിഴക്കഞ്ചേരി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണ്ണമ്പ്ര കോ-ഓപ്പറേറ്റീവ് ബാങ്ക് ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, ആലത്തൂര്‍, തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. ഷൈനി, രമണി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.പി പ്രിയ, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി. ഗിരിജ എന്നിവര്‍ പങ്കെടുത്തു.