തിരുവനന്തപുരം: കെ.രാജന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ബഷീറിന്റെ പൊലീസ് എന്ന പുസ്തകം വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഐ.പി.എസ് പ്രകാശനം ചെയ്തു. കവി ഏഴാച്ചേരി രാമചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും ജനമൈത്രി പൊലീസുമായി സഹകരിച്ച് നടത്തിയ പ്രകാശനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.ഉണ്ണികൃഷ്ണന്‍ പുസ്തക പരിചയം നടത്തി. ഏഴാച്ചേരി രാമചന്ദ്രന്‍, പ്രൊഫ.വി.എന്‍.മുരളി, ഡോ.എ.എം.ഉണ്ണികൃഷ്ണന്‍, ഡോ.പി.സോമന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഹരിശങ്കര്‍, വി.മുരളീകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. റിസര്‍ച്ച് ഓഫീസര്‍മാരായ രമ്യ.കെ.ജയപാലന്‍ സ്വാഗതവും ഡോ.ടി.ഗംഗ നന്ദിയും പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യകൃതികളിലെ പൊലീസ് ജീവിതം ആസ്പദമാക്കിയുള്ളതാണ് പുസ്തകം. 60 രൂപയുള്ള പുസ്തകം ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകശാലകളില്‍ ലഭ്യമാണ്.