സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, നിര്‍ഭയത്തോടെ പരാതികള്‍ രേഖപ്പെടുത്തുവാനും പരാതിയിന്‍മേല്‍ സ്വകാര്യത ഉറപ്പ് വരുത്തി പരിഹരിക്കുവാനും അഴിയൂര്‍ പഞ്ചായത്തില്‍ പിങ്ക്ബോക്സ് സ്ഥാപിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് ബോക്സ് സ്ഥാപിച്ചത്. പിങ്ക് ബോക്സിലൂടെ് ലഭിക്കുന്ന പരാതികള്‍ക്ക്് പഞ്ചായത്തില്‍ സ്ഥാപിച്ച  ഗ്രാമീണ നിയമ സഹായ കേന്ദ്രത്തിലൂടെയും പഞ്ചായത്തിലെ ജാഗ്രതാസമിതിയുടെ വനിതാ അഭിഭാഷകയുടെയും സഹായത്തോടെയും ,വനിതാ കമ്മീഷന്റെ സഹായത്തോടെയും പരിഹാരം കാണും. 60 വയസിന് മുകളിലുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പ്രത്യേകം പരിഗണന നല്‍കും. പരാതികള്‍ കൂടുതല്‍ ഉണ്ടാവുകയാണെങ്കില്‍ എല്ലാ വാര്‍ഡുകളിലും പിങ്ക് ബോക്സ് സ്ഥാപിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് ലക്ഷ്യം.
പഞ്ചായത്തില്‍ സ്ഥാപിച്ച ബോകസില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ പരാതി നിക്ഷേപിക്കാവുന്നതാണ്. എല്ലാ മാസവും ബോക്സ് തുറന്ന് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ക്ഷേമകാര്യാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്സണ്‍, പഞ്ചായത്ത് സെക്രട്ടറി, ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍ എന്നിവര്‍ അടങ്ങുന്ന കമ്മറ്റി പരാതികള്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും.