പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ആത്യന്തികമായ ലക്ഷ്യം കൈവരിക്കാന്‍ സ്‌കൂളുകളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ജനപങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു .പേരാമ്പ്ര മണ്ഡലം വിദ്യാഭ്യാസ മിഷന്‍ പാഠം (പേരാമ്പ ആക്ഷന്‍ പ്ലാന്‍ ഫോര്‍ അക്കാദമിക് ഡവലപ്മെന്റ് ആന്റ് മോഡേണൈസേഷന്‍ ) വിദ്യാഭ്യാസ സംഗമം പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുമ്പോള്‍ ഓരോരുത്തരും അവനവന്റെ സ്‌കൂള്‍ എന്ന രീതിയില്‍ സ്‌കൂളിന്റെ വികസന കാര്യങ്ങളിലും മറ്റും ആത്മാര്‍ഥമായ ഇടപെടല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു മദ്യം ,മയക്കുമരുന്ന് എന്നീ ദൂഷ്യങ്ങളില്‍ കുട്ടികളെ മോചിപ്പിക്കാനായി ഡ്രഗ് ഫ്രീ ക്യാമ്പസ് പദ്ധതി നടപ്പിലാക്കും. എല്ലാ ക്യാമ്പസുകളും ജൈവ വൈവിധ്യ ക്യാമ്പസാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ത്തമാനകാല വിദ്യാഭ്യാസ രീതിയില്‍ വലിയ മാറ്റങ്ങളാണ് നടക്കുന്നത.ആധുനിക സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ നാം ഉപയോഗപ്പെടുത്തണം .അധ്യാപകര്‍ എപ്പോഴും അറിവിന്റെ പ്രകാശ ഗോപുരമാകണം. കുട്ടികളുടെ ഔന്നത്യം ലക്ഷ്യമാക്കിയാണ് ഏത് പാഠ്യപദ്ധതിക്കും പ്രാധാന്യം നല്‍കുകയുള്ളൂ. ലോകത്ത് ഏത് രാജ്യത്തുമുള്ള കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ അവരില്‍ നിന്നും ഒരു പിടി ഉയര്‍ന്നു നില്‍ക്കുന്നവരാകണം നമ്മുടെ വിദ്യാര്‍ഥികള്‍ എന്നതാണ് വിദ്യാര്‍ഥികളുടെ അന്താരാഷ്ട്ര നിലവാരവല്‍ക്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യനെമനുഷ്യനാക്കി മാറ്റുന്ന പ്രക്രിയയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണത്തിലൂടെ നല്‍കുന്നത്. ലോകത്ത് വിദ്യാഭ്യാസത്തെ നയിക്കുന്നത് മൂലധന ,കോര്‍പറേറ്റ് ,നിക്ഷിപ്ത താല്‍പര്യക്കാര്‍ സാമ്രാജ്യത്വ ശക്തികള്‍ എന്നിവരായിരുന്നു ഇതില്‍ നിന്നും വ്യത്യസ്തമായ പഠനരീതിയാണ് നാം അവലംബിക്കുന്നത്.നാളെ ലോകം പഠിക്കാന്‍ പോകുന്ന വിദ്യാഭ്യാസമായിരിക്കണം കേരളത്തിന്റേത്. വിദ്യാര്‍ഥി കേന്ദ്രീകൃതമാകണം ഓരോ ക്ലാസ് മുറികളും, വൈഭവങ്ങളുടെ വൈവിധ്യമാകണം ഓരോ ക്ലാസും, പാര്‍ശ്വവല്‍ക്കരണമില്ലാത്ത ക്ലാസ് മുറികളാകണം ഓരോന്നും. അറിവ് ആയുധമാക്കണമെന്നും കുട്ടികളുടെ ചിന്തയെ തളച്ചിടരുതെന്നും അനന്തമായ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

തൊഴില്‍ -എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. പേരാമ്പ്ര മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസനത്തിന് അധ്യാപകരാണ് ചാലകശക്തിയായി പ്രവര്‍ത്തിക്കേണ്ടത്. രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, പൊതു സമൂഹം, വിരമിച്ച അധ്യാപകര്‍ എന്നിവരുള്‍പ്പെടെ ഈ ശാക്തീകരണ പ്രക്രിയയില്‍ പങ്കുചേരണമെന്നും സാധാരണക്കാരന്റെ മക്കളുടെ സ്വപ്നതുല്യമായ വളര്‍ച്ചയ്ക്കും അക്കാദമികവിനും ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു .പഞ്ചായത്ത് സമിതികള്‍ പിടിഎ, മദര്‍ പിടിഎ, സ്‌കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് ,സ്റ്റാഫ് കൗണ്‍സിലിംഗ് ഇവരെല്ലാം സംഘാടനത്തിന്റെ ചുമതല നിര്‍വഹിക്കണമെന്നും ജൂലൈ 15 മുതല്‍ പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിക്കുമെന്നും സമഗ്ര വിദ്യാഭ്യാസ വിക സനമാണ് ലക്ഷ്യമാക്കുന്നതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.പേരാമ്പ്രമണ്ഡലത്തിലെ 1500 ലധികം അധ്യാപകര്‍ വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുത്തു.

മണ്ഡലം വികസന മിഷന്‍ കണ്‍വീനര്‍ എം കുഞ്ഞമ്മത് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ബിപിഒ പേരാമ്പ്ര കെ വി വിനോദന്‍ പദ്ധതി വിശദീകരണം നടത്തി. കരിയര്‍ ഡവലപ്മെന്റ് സെന്ററിനെക്കുറിച്ച് എംപ്ലോയ്മെന്റ് ഓഫീസര്‍ പി രാജീവ് പരിചയപ്പെടുത്തി. മുന്‍ എംഎല്‍എമാരായ കെ കുഞ്ഞമ്മദ് , എ കെ പത്മനാഭന്‍ മാസ്റ്റര്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സതി , മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് .കെ കുഞ്ഞിരാമന്‍, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു .