കണ്ണൂർ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പോലിസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന പരേഡിന് ജില്ലാ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ റിസേര്‍വ് ഇന്‍സ്പെക്ടര്‍ തോമസ് ജോസഫ് നേതൃത്വം നല്‍കി. ശക്തമായ മഴയ്ക്കുള്ള സാധ്യത അവഗണിച്ച് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് പരേഡ് വീക്ഷിക്കാനെത്തിയത്.

സെറിമോണിയല്‍ പരേഡില്‍ കെ.എ.പി, ജില്ലാ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്സ്, ലോക്കല്‍ പൊലീസ്, വനിതാപോലീസ്, ജയില്‍, എക്സൈസ്, ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ഫോഴ്സ് വകുപ്പുകളുടെയും എന്‍സിസി, സ്റ്റുഡന്റ്സ് പൊലീസ് വിഭാഗങ്ങളുടെയും 12 പ്ലാറ്റൂണുകള്‍ അണിനിരന്നു. കെ.എ.പി നാലാം ബറ്റാലിയന്‍, ഡി.എസ്.സി കണ്ണൂര്‍ എന്നീ ടീമുകളുടെ ബാന്റ് വാദ്യം ചടങ്ങിന് താളം പകര്‍ന്നു.

പരേഡില്‍ സേനാവിഭാഗത്തില്‍ ജില്ലാ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്സും എന്‍സിസി സീനിയര്‍ ഡിവിഷനില്‍ കണ്ണൂര്‍ എസ്എന്‍ കോളേജും സ്റ്റുഡന്റ്സ് പോലിസ് വിഭാഗത്തില്‍ കൂടാളി ഹയര്‍ സെക്കന്ററി സ്‌കൂളും മികച്ച പ്ലറ്റൂണുകളായി തെരഞ്ഞെടുക്കപ്പെട്ടു.

സേനാ വിഭാഗത്തില്‍ സായുധസേനാ എസ്ഐ സി ബിജു (കെഎപി നാലാം ബറ്റാലിയന്‍), റിസര്‍വ് എസ്ഐ പി മുരളീധരന്‍ (ഡിസ്ട്രിക്ട് പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്സ്), ചക്കരക്കല്‍ പോലിസ് സ്റ്റേഷന്‍ എസ്ഐ പി മുരളീധരന്‍ (ലോക്കല്‍ പോലിസ് ), എസ്ഐ പി എസ് ലീലാമ്മ (വനിത പൊലീസ്), അസിസ്റ്റന്റ് സൂപ്രണ്ട് എ അംജിത്ത് (ജയില്‍), ഇന്‍സ്പെക്ടര്‍ സിനു കോയിലോത്ത് (എക്സൈസ്), ഫോറസ്റ്റ് ഓഫീസര്‍ കെ വി മനോജ്കുമാര്‍ (ഫോറസ്റ്റ്), എന്‍സിസി സീനിയര്‍ വിഭാഗത്തില്‍  അഖില്‍ കുമാര്‍ (പഴശ്ശിരാജ എന്‍എസ്എസ് കോളേജ്, മട്ടന്നൂര്‍), പ്രണവ് പ്രദീപ് (ഗവ. പോളി ടെക്നിക്ക്, കണ്ണൂര്‍), സ്റ്റുഡന്റ് പൊലീസ് വിഭാഗത്തില്‍ വൈഷാഖ് വിഭീഷ് (ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, പട്ടുവം), ഒ വി ആദര്‍ശ്് (കൂടാളി എച്ച്എസ്എസ്) എന്നിവര്‍ പരേഡുകള്‍ക്ക് നേതൃത്വം നല്‍കി. കെ ശിവദാസന്‍ (കെ.എ.പി നാലാം ബറ്റാലിയന്‍), ബി ചൗധരി (ഡി.എസ്.സി കണ്ണൂര്‍) എന്നിവരാണ് ബാന്റ് ട്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കിയത്. ജില്ലാ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ റിസേര്‍വ് ഇന്‍സ്പെക്ടര്‍ റോയ് ആയിരുന്നു പരേഡിന്റെ സെക്കന്റ് ഇന്‍ കമാന്റ്.