കാസർഗോഡ്: ദുരിത ബാധിതര്‍ക്ക് പുതിയ ജീവിതം നല്‍കാനായി സര്‍ക്കാരിന് കരുത്ത് പകരാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.  ചട്ടഞ്ചാല്‍ സബ് ട്രഷറി കെട്ടിട നിര്‍മാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചട്ടഞ്ചാല്‍ പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് എം പി. രാജ് മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായിരുന്നു.

നമ്മുടെ സംസ്ഥാനം കഴിഞ്ഞ വര്‍ഷവും പ്രളയത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. പലര്‍ക്കും ഉറ്റവരെ നഷ്ടപ്പെട്ടു. ചിലര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു.  കേരളത്തിനുണ്ടായ നാശ നഷ്ടങ്ങള്‍ വളരെ വലുതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അതില്‍ നിന്നും കേരളം ഇപ്പോഴും പൂര്‍ണ്ണമായും മോചിതമായിട്ടില്ല. നമ്മുടെ സര്‍ക്കാര്‍ പ്രളയബാധിതരെ സഹായിക്കാന്‍ കഴിയുന്നതെല്ലാം ചെയ്തു. 4000 പുതിയ വീടുകള്‍ നിര്‍മ്മിച്ചു.  സര്‍ക്കാരിന് കരുത്തേകാന്‍ പല സുമനസ്സുകളും സഹായവുമായി മുന്നോട്ട് വന്നിരുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പോലും  സഹായ സഹകരണമുണ്ടായി. ഈ വര്‍ഷം വീണ്ടും പ്രളയമുണ്ടായി.   കഴിഞ്ഞ  വര്‍ഷത്തെ പോലെ നമ്മുടെ സഹോദരര്‍ക്ക് പുതിയ ജീവിതം കൊടുക്കാന്‍ നമ്മള്‍ എല്ലാ വിധ സഹായങ്ങളും ചെയ്യണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

മലയാളികള്‍ ലോകത്തിന്റെ ഏത് കോണിലിരുന്നാലും നമുക്ക്  സഹായങ്ങള്‍ ചെയ്യാന്‍ മുന്നോട്ട് വരും. അത് കഴിഞ്ഞ പ്രളയ സമയത്ത് തന്നെ നമുക്ക് മനസ്സിലായതാണ്. ഈ വര്‍ഷത്തെ പ്രളയം മൂലം കേരളത്തില്‍ ഉണ്ടായ നാശ നഷ്ടത്തെക്കുറിച്ച് കൃത്യമായ കണക്കുകള്‍ എടുക്കുന്നുണ്ട്.     സര്‍ക്കാരിന് ദുരിത ബാധിതരെ സഹായിക്കാനായി, സര്‍ക്കാരിന് കൈതാങ്ങാവാന്‍ ജനങ്ങള്‍ ഒപ്പമുണ്ടാകണം ചെറുതാണെങ്കിലും വലുതാണെങ്കിലും കഴിയാവുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
തെക്കില്‍ പറമ്പ് ജിയുപി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ ഇ കുഞ്ഞുണ്ണി മാഷ് ദുരിതാശ്വാസ നിധിയിലേക്കായി 25000 രൂപ  കൈമാറി.

ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുള്‍ ഖാദര്‍, വിവിധ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാനവാസ് പാദൂര്‍, ടി ഡി കബീര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ രാജു, ടി നാരായണന്‍, സി കൃഷ്ണന്‍ ചട്ടഞ്ചാല്‍, വി രാജന്‍, എം സദാശിവന്‍,    എ.ഡി.ടി.ഒ ദീപ എന്നിവര്‍ പങ്കെടുത്തു.