ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന ഭാരത് പർവ് സാംസ്‌കാരികോത്സവത്തിന് 26നു ചെങ്കോട്ടയിൽ തുടക്കമാകും. ദേശസ്നേഹത്തിന്റെയും രാജ്യത്തിന്റെ സാംസ്‌കാരി വൈവിധ്യത്തിന്റെയും സന്ദേശമുയർത്തിയാണ് 31 വരെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 26നു വൈകിട്ട് അഞ്ചിനാണ് ഉദ്ഘാടന ചടങ്ങ്. കുടുംബശ്രീയുടെ ഫുഡ് കോർട്ടുകളും ഹാൻഡി ക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കോർപ്പറേഷനു കീഴിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന കൈരളി എംപോറിയത്തിന്റെ നേതൃത്വത്തിലുള്ള കരകൗശല, കൈത്തറി ഉത്പന്നങ്ങളുമായാണു കേരളം ഭാരത് പർവിലെ സജീവ സാന്നിധ്യമാകുന്നത്. കേരളത്തിന്റെ തനതു രുചിയിൽ തയാറാക്കുന്ന കൊതിയൂറും വിഭവങ്ങൾ രണ്ടു സ്റ്റാളുകളിലായാണു കുടുംബശ്രീ ഒരുക്കുന്നത്. കേരളീയ വസ്ത്രങ്ങൾ, കരകൗശല ഉത്പന്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ കൈരളിയുടെ സ്റ്റാളിൽ ലഭിക്കും. സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി 30നു വൈകിട്ട് 5.15 മുതൽ 5.55 വരെയാണു കഥകളി അവതരിപ്പിക്കുക. 26നു വൈകിട്ട് അഞ്ചു മുതൽ ഒമ്പതു വരെയും പിന്നീടുള്ള ദിവസങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ രാത്രി ഒമ്പതു വരെയും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമായിരിക്കുമെങ്കിലും തിരിച്ചറിയൽ കാർഡ് കൈവശം കരുതണം.