കണ്ണൂർ: ഇടതൂര്‍ന്ന മരങ്ങളും അതിനിടയിലൂടെ ഒഴുകുന്ന പുഴയും കുറ്റിക്കാടുകളും ഉള്‍പ്പെടുന്ന പ്രകൃതിരമണീയത മാത്രമല്ല ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ കാഴ്ചകള്‍. തലയുയര്‍ത്തി നില്‍ക്കുന്ന കതിരേന്തിയ നെല്‍പ്പാടങ്ങളും ധാന്യച്ചെടികളും പച്ചക്കറി കൃഷികളും ഈ മണ്ണിന് അന്യമല്ല. ഫാം നിവാസികളുടെ രാപ്പകലില്ലാത്ത അധ്വാനത്തിന്റെ പ്രതിഫലമാണിത്.

കാര്‍ഷിക രംഗത്ത് വളരെയധികം നേട്ടങ്ങള്‍ കൈവരിച്ച് നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹമായ ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 250 ഏക്കര്‍ സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്. കൃഷിവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹായത്തോടെയാണ് ഇവിടെ കൃഷിയിറക്കിയത്.
150 ഏക്കര്‍ സ്ഥലത്ത് കരനെല്‍ കൃഷിയും അഞ്ച് ഏക്കര്‍ സ്ഥലത്ത് തിന, ചാമ, മുത്താറി കൃഷിയും, 25 ഏക്കറോളം  സ്ഥലത്ത് ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവിളകളും 12 ഏക്കറില്‍ വാഴയുമാണ് ഇവര്‍ കൃഷി ചെയ്യുന്നത്. വൈശാഖ്, ഉമ, ജ്യോതി തുടങ്ങിയ നെല്ലിനങ്ങളും പരമ്പരാഗതമായി അവര്‍ കൃഷി ചെയ്തു വരുന്ന പാല്‍ക്കയമ, ചെന്നെല്ല് തുടങ്ങിയവയുമാണ് കൃഷിയിറക്കിയിരിക്കുന്നത്.

ബ്ലോക്ക് ഏഴ്, ഒന്‍പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന്  എന്നീ ഊരുകള്‍ അടങ്ങുന്നതാണ് ആറളം ആദിവാസി പുനരധിവാസ മേഖല. പ്രദേശത്ത് താമസിക്കുന്ന  കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഗ്രൂപ്പുകള്‍ തിരിച്ചാണ് പ്രവര്‍ത്തനം. ഇത്തരത്തില്‍ 20ഓളം ഗ്രൂപ്പുകളാണ് ഇപ്പോഴുള്ളത്. സ്ത്രീകളും കുട്ടികളും ഒരു പോലെ കാര്‍ഷിക രംഗത്ത് സജീവമാണ്.

ആഗസ്ത് മാസത്തോടെയാണ് കരനെല്‍ കൃഷിയുടെ വിളവെടുപ്പ് നടക്കുക. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം കൃഷി വിപുലമാക്കിയതിനാല്‍ 2000 കിലോഗ്രാം വരെ നെല്ല് ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. നെല്‍കൃഷി വിളവെടുപ്പിന് ശേഷം 75 ഏക്കറോളം സ്ഥലത്ത് എള്ള് കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ കര്‍ഷകര്‍.