ഖാദി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.. പാപ്പിനിശ്ശേരിയില്‍ ആരംഭിക്കുന്ന സില്‍ക്ക് വീവിംഗ് യൂണിറ്റിന്റെ ഉദ്ഘാടനവും വിപണന സമുച്ചയത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് കേരളത്തിലെ ഖാദി തൊഴിലാളികള്‍ക്ക് ജോലി സ്ഥിരത ഉറപ്പുവരുത്താനും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി രൂപം കൊടുത്ത ഖാദി പ്രസ്ഥാനത്തെ കൂടുതല്‍ തൊഴിലവസരങ്ങളുള്ള മേഖലയാക്കാനും രാജ്യത്തിന്റെ പൊതുവളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കാനുമായി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്്. കഴിഞ്ഞ നാലര വര്‍ഷമായി ഖാദി മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. ഈ കാലയളവില്‍ 26 ഖാദി ഉല്‍പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും 3384 തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. അയ്യായിരം തൊഴില്‍ അവസരങ്ങള്‍ക്കുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.
കാലത്തിനനുസൃതമായ വൈവിധ്യവല്‍ക്കരണം ഖാദി ഉല്‍പ്പന്നങ്ങളില്‍ ഉണ്ടാവണം. പ്രായം ചെന്നവരും രാഷ്ട്രീയക്കാരും മാത്രമാണ് ഖാദി വസ്ത്രങ്ങള്‍ ഉപയോഗിക്കുക എന്ന ധാരണയാണ് ആളുകള്‍ക്കുള്ളത്. എന്നാല്‍ ഫാഷന്‍ രംഗത്തും ഇന്ന് ഖാദി വസ്ത്രങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. അതിനാല്‍ ഉത്പാദനവും വിപണനവും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഖാദിയെ സംരക്ഷിച്ച് വളര്‍ത്തുകയാണ് സര്‍ക്കാര്‍. പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ മസ്ലിന്‍ ഉത്പാദിപ്പിക്കുന്നതിനും ചര്‍ക്ക, തറികള്‍ എന്നിവയുടെ പരിഷ്‌കൃത സംവിധാനങ്ങള്‍ ഉപയോഗിച്ച് തൊഴിലാളികളുടെ ജോലിഭാരം കുറയ്ക്കുന്നതിനും അതുവഴി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങള്‍ കൂടുതലായി വിപണിയിലിറക്കണം. സ്ത്രീകളുടെ തൊഴിലവസരം വര്‍ധിപ്പിക്കുന്നതിനായി സ്പിന്നിങ്ങ് മില്ലുകളില്‍ നിന്ന് വസ്ത്രങ്ങള്‍ നിര്‍മ്മിച്ച് വില്‍പന നടത്തണം. തുണി സഞ്ചികളും മാസ്‌കുകളും നിര്‍മ്മിക്കാന്‍ സാധിക്കും. തൊഴിലാളികള്‍ക്കുള്ള യൂണിഫോമും ഖാദി കൊണ്ട് നിര്‍മ്മിക്കാം. ഖാദി മേഖലയില്‍ മിനിമം വേതനം നടപ്പിലാക്കുന്നതിനായി 125 കോടി രൂപയും ഉല്‍പാദന ഇന്‍സെന്റീവ് നല്‍കാന്‍ 23.3 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാനത്തൊട്ടാകെ 1434 വ്യവസായ യൂണിറ്റുകള്‍ സ്ഥാപിച്ചു. എട്ടോളം ഖാദി സൗഭാഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ ഖാദി തൊഴിലാളികളും ഇ എസ് ഐ പരിധിയിലാണ്. ഖാദി ഉത്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി എല്ലാ സ്റ്റോറുകളും നവീകരണത്തിന്റെ പാതയിലാണെന്നും ഓണ്‍ലൈന്‍ വില്‍പന സാധ്യത തേടുമെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.
പാപ്പിനിശ്ശേരിയില്‍ ആരംഭിച്ച സില്‍ക്ക് വീവിംഗ് യൂണിറ്റില്‍ നിന്ന് വിവാഹ സാരികളാണ് നെയ്‌തെടുക്കുന്നത്. ഉപഭോക്താവിന്റെ താല്‍പര്യമനുസരിച്ചും സാരികള്‍ നിര്‍മ്മിച്ച് നല്‍കും. 10 തറികളാണ് കേന്ദ്രത്തിലുള്ളത്. ആവശ്യമായ പരിശീലനവും തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട്. 50 കോടി രൂപ ചെലവിലാണ് വിപണന സമുച്ചയം സ്ഥാപിക്കുന്നത്.
പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ നാരായണന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം പി പി ഷാജര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി ലീല, പാപ്പിനിശ്ശേരി പഞ്ചായത്ത് അംഗം പി ഷാഫി, ഖാദി ബോര്‍ഡ് മെമ്പര്‍ കെ ധനഞ്ജയന്‍, പി കെ സി ഡയരക്ടര്‍ ടി സി മാധവന്‍ നമ്പൂതിരി, ഖാദി ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ നാരായണന്‍, ഖാദി ബോര്‍ഡ് സെക്രട്ടറി ഡോ കെ എ രതീഷ് എന്നിവര്‍ പങ്കെടുത്തു.
