നെടുമ്പന ആശുപത്രിയില്‍ ഗൈനക്ക് വിഭാഗം ചികിത്സ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. നെടുമ്പന ഗവണ്മെന്റ് ആശുപത്രിയിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 24 മണിക്കൂറും ചികിത്സ ലഭ്യമാക്കുന്ന തരത്തില്‍ ആശുപത്രിയെ മാറ്റും. സാധാരണക്കാരന് കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
രണ്ടു ഘട്ടങ്ങളിലായി 452 ലക്ഷം രൂപ ചെലവിട്ട് തീരദേശ വികസന കോര്പ്പറേഷന് നിര്‍മിച്ച കെട്ടിടം മൂന്നു നിലകളിലായി 2044 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ്. ഫാര്‍മസി, ഒ പി മുറികള്‍, എം ഒ എക്സ്റേ, റേഡിയോളജി, ഇഞ്ചക്ഷന് മുറികള്‍, മെയില്‍-ഫീമെയില്‍ വാര്‍ഡുകള്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് എന്നിവ ഒരുക്കിയിട്ടുണ്ട്.
