കണ്ണൂര്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ നിര്‍മിച്ച സൂപ്രണ്ട് ക്വാര്‍ട്ടേഴ്സ്, ആര് എം ഒ ക്വാര്‍ട്ടേഴ്സ്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ക്വാര്‍ട്ടേഴ്സ്, കമ്യൂണിറ്റി കിച്ചണ്‍ എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഗവ. ആയുര്‍വേദ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി വലിയ തോതിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മന്ത്രി പറഞ്ഞു. 17 കോടി രൂപ ചെലവില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പൂര്‍ത്തിയാക്കുന്നതോടെ മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച ഇടപെടലുകളാണ് ആയുര്‍വേദ കോളേജുകള്‍ നടത്തുന്നത്. കൊവിഡിനു ശേഷമുള്ള ആരോഗ്യ സംരക്ഷണവും പ്രധാനമാണെന്നും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്നും മന്ത്രി പറഞ്ഞു.
73.5 ലക്ഷം ചെലവഴിച്ചാണ് സൂപ്രണ്ട് ക്വാട്ടേഴ്സും ആര്‍എംഒ ക്വാര്‍ട്ടേഴ്സും നിര്‍മിച്ചത്. ഫ്ളാറ്റ് മാതൃകയില്‍ ആറ് കുടുംബങ്ങള്‍ക്ക് താമസിക്കാവുന്നതാണ് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ക്വാര്‍ട്ടേഴ്സ്. 98 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ക്വാര്‍ട്ടേഴ്സ് യാഥാര്‍ഥ്യമായതോടെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഏറെ നാളത്തെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകും. നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെയാണ് 25 ലക്ഷം രൂപ ചെലവഴിച്ച് കമ്യൂണിറ്റി കിച്ചന് നിര്‍മിച്ചത്. കിടപ്പു രോഗികള്‍ക്കാവശ്യമായ മരുന്ന്, പ്രത്യേക ഭക്ഷണം തുടങ്ങിയ ഒരുക്കുന്നതിന് കമ്യൂണിറ്റി കിച്ചണിലൂടെ സാധിക്കും.
ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. രാജ് മോഹന്‍ ഉണ്ണിത്താന് എം പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ലത, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ പി ബാലകൃഷ്ണന്, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ഹരികൃഷ്ണന് തിരുമംഗലത്ത്, ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജയ് ജി, നാഷണല്‍ ആയുഷ് മിഷന് സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ എ ആര് അജയകുമാര്‍, നാഷണല്‍ ആയുഷ്മിഷന് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. എം സുഭാഷ്, ആയുര്‍വേദ കോളേജ് സൂപ്രണ്ട് ഡോ. കെ എന്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
