എറണാകുളം: സാധാരണക്കാരൻ്റെ ജീവിതം മെച്ചപ്പെടുത്തുന്ന സംരംഭങ്ങളാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് സംസ്ഥാന ഐടി സെക്രട്ടറി കെ.മുഹമ്മദ് വൈ. സഫീറുള്ള അഭിപ്രായപ്പെട്ടു. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച വനിത സ്റ്റാർട്ടപ്പ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്കരണം ,കുടിവെള്ള പ്രശ്നം തുടങ്ങി സമൂഹത്തിൻ്റെ താഴെക്കിടയിലുള്ളവരുടെ പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യകൊണ്ട് പരിഹാരമുണ്ടാകണം. വനിത സ്റ്റാർട്ടപ്പ് സംരംഭക ഉച്ചകോടി പോലുള്ള പരിപാടികൾ ഇനിയുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വിജയികളായ സംരംഭകർ തങ്ങളുടെ ഉല്പന്നങ്ങൾ എത്രയും പെട്ടെന്ന് വിപണിയിലേക്കിറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെർച്വലായി സംഘടിപ്പിച്ച ഉച്ചകോടിയിൽ 750 ലേറെ പ്രതിനിധികൾ പങ്കെടുത്തു. സ്റ്റാർട്ടപ്പ് ഇന്ത്യ, ടൈ കേരള, സി ഐ ഐ യുടെ വനിതാ വിഭാഗമായ ഇന്ത്യൻ വുമൺ നെറ്റ് വർക്ക് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തിൽ വിജയികളുടെ പ്രഖ്യാപനവും ചേഞ്ച് മേക്കേഴ്സിനെ ആദരിക്കലും കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ ഡയറക്ടർ ഡോ.ചിത്ര എസ് നിർവഹിച്ചു.
നിർമ്മിത ബുദ്ധിയാണ് ഭാവിയിൽ ഏറ്റവും മധികം സാധ്യതകളുള്ള സാങ്കേതിക വിദ്യയെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു. ഫെഡറൽ ബാങ്കിൻ്റെ നിയമന വിഭാഗത്തിൽ നിർമ്മിത ബുദ്ധിയുടെ ഉപയോഗത്തോടെ 75 ശതമാനം ചെലവ് കുറയ്ക്കാനായെന്നും അവർ ചൂണ്ടിക്കാട്ടി. ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ നിന്ന് വനിതാ സംരംഭകർ മാറി നിൽക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.
മികച്ച ഇൻക്ലൂസീവ് സ്റ്റാർട്ടപ്പായി കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത റിയാഫി ടെക്നോളജിയെ തെരഞ്ഞെടുത്തു. ഐ ഐ എം കെ കോഴിക്കോടിലെ ലൈവാണ് മികച്ച ഇൻക്ലൂസീവ് ഇൻകുബേറ്റർ. മികച്ച ഇൻക്ലൂസീവ് ഐ ഇ ഡി സി യായി സഹൃദയ കോളേജ് ഓഫ് എൻജീയറിംഗ് ആൻഡ് ടെക്നോളജിയെ തിരഞ്ഞെടുത്തു. വനിത ഉച്ചകോടിയോടനുബന്ധിച്ച് ഷീ ലവ്സ് ടെക് പരിപാടിയുടെ ദേശീയ മത്സരത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു.
സ്ത്രീ സൗഹൃദ ഉല്പന്നങ്ങൾ മുന്നോട്ടു വയ്ക്കുന്ന നൂറോളം സംരംഭങ്ങളാണ് ഇതിൽ പങ്കെടുത്തത്. ബയോസ് കാൻ റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ് ദേശീയ റൗണ്ടിൽ മത്സരിക്കാൻ യോഗ്യത നേടി. സ്പൂക്ക് ഫിഷ് ഇനോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ,സെൽത്ത് എ എം ,ഇൻഫിനിറ്റ സെർക്കിൾ ഇൻക്, ബ്രൈൻ ഗ്രൂം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ റണ്ണർ അപ്പായി. ഹാക്കത്തോൺ ജേതാക്കളെയും പരിപാടിയിൽ പ്രഖ്യാപിച്ചു.
ഷീ ലവ്സ് ടെക്കിലൂടെ 12 സംരംഭകർക്ക് തങ്ങളുടെ ഉല്പന്നങ്ങളിലേക്ക് നിക്ഷേപം ആകർഷിക്കാനായി അവതരണം നടത്താൻ അവസരം ലഭിച്ചു. 28 സംരംഭങ്ങൾക്ക് വ്യവസായ പ്രമുഖരുടെ വിദഗ്ധ ഉപദേശവും കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ ഇൻവസ്റ്റർ കഫെയിൽ പങ്കെടുക്കാൻ അവസരവും ലഭിച്ചു.
സാങ്കേതിക സംരംഭക രംഗത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ,അവസരങ്ങൾ എന്നിവയെക്കുള്ള വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു.
തേജ വെഞ്ചേഴ്സിൻ്റെ പാർട്ണറും ഷീ ലവ്സ് ടെകിൻ്റെ സഹസ്ഥാപന യുടയുമായ വിർജീനിയ ടാൻ, സ്റ്റാർട്ടപ്പ് ഇന്ത്യ ഹബ് മേധാവി ആസ്ഥ ഗ്രോവർ, ടെക് റെഡി വുമൺ അക്കാദമി സ്ഥാപക ക്രിസ്റ്റി വൈറ്റ് ഹിൽ, ഇന്ത്യൻ ഏയ്ഞ്ചൽ നെറ്റ് വർക്കിൻ്റെ സഹ സ്ഥാപക പത്മജ റുപാരെൽ , പ്യൂ വർ ലിവിംഗ് സ്ഥാപക ലക്ഷ്മി മേനോൻ, ഓപ്പൺ ഫിനാൽഷ്യൽ ടെക്നോളജീസ് സഹസ്ഥാപക ഡീന ജേക്കബ്ബ്, മാധ്യമ പ്രവർത്തക രേഖ മേനോൻ, ചെമ്മണ്ണൂർ അക്കാദമി ഡയറക്ടർ അനിഷ ചെറിയാൻ , കോഗ്നിസൻ്റെ എവിപി മായ ശ്രീകുമാർ , ആമസോണിൻ്റെ സ്ട്രാറ്റജിക് ഇനീഷ്യേറ്റീവ് മേധാവി ദീപ് തിദത്ത്, എ ഡബ്ല്യൂ ഇ സ്ഥാപക സീമ ചതുർവേദി , അഡാബ് ഹെഡ് ഓഫ് പ്രോഗ്രാംസ് ഗരിമ ബബ്ബാർ, തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.