പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി(പോക്സോ കേസ്) കേരള ഹൈക്കോടതി ജഡ്ജി എ ഹരിപ്രസാദ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അതിവേഗം നീതി ലഭിക്കുന്നതിന് ഇത്തരം ഫാസ്റ്റ് ട്രാക്ക് കോടതികളുടെ പ്രവര്‍ത്തനം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു അധ്യക്ഷനായി. മലയോര മേഖലയിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് പോക്സോ കോടതി അനുവദിച്ചത്. അതിവേഗം തന്നെ നീതി ലഭ്യമാക്കുന്നതിന് ഇത്തരം കോടതികള്‍ സഹായകമാകും. പുനലൂര്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടന്ന അഞ്ചു കോടതികളും ഒരു കുടക്കീഴില് എത്തിക്കുന്നതിനാണ് കോടതി സമുച്ചയം പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
പുനലൂരില്‍ നിലവില്‍ മൂന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളും ഒരു മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലും ഒരു മുന്‍സിഫ് സബ് കോടതിയുമാണുള്ളത്. സ്പെഷ്യല്‍ കോടതികളുടെ കുറവ് മൂലം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളും പോക്സോ കേസുകളും പരിഹരിക്കുന്നതില്‍ കാലതാമസം നേരിട്ടിരുന്നു. ഈ കാലതാമസം ഒഴിവാക്കി പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിനായി കേന്ദ്ര നീതിന്യായ മന്ത്രാലയമാണ് ഫാസ്റ്റ് ട്രാക്ക് കോടതി എന്ന ആശയം മുന്നോട്ട് വെച്ചത്. കോടതികളുടെ നിര്‍മ്മാണ ചെലവിന്റെ 30 ശതമാനം സംസ്ഥാന സര്‍ക്കാരാണ് വഹിക്കേണ്ടത്.
പുനലൂര്‍ ചെമ്മന്തൂരില്‍ പുതുതായി നിര്‍മ്മിച്ച കോടതി സമുച്ചയത്തിന്റെ ഒന്നാം നിലയിലാണ് പോക്സോ കോടതി പ്രവര്‍ത്തനമാരംഭിച്ചത്. ഒരേക്കര്‍ പത്ത് സെന്റ് സ്ഥലത്താണ് പുതിയ കോടതി സമുച്ചയം നിര്‍മ്മിച്ചിട്ടുള്ളത്.