തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 16 ന്.    16 കേന്ദ്രങ്ങളിലായാണു ജില്ലയിലെ വോട്ടെണ്ണല്‍ നടക്കുക. എല്ലാ കേന്ദ്രങ്ങളിലും രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.
ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് അടിസ്ഥാനത്തിലാകും നടക്കുക. പാറശാല ബ്ലോക്കിലെ വോട്ടെണ്ണല്‍ നടക്കുന്നത് പാറശാല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. പെരുങ്കടവിള ബ്ലോക്കിന്റേത് മാരായമുട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അതിയന്നൂര്‍ ബ്ലോക്കിന്റേത് നെല്ലിമൂട് ന്യൂ എച്ച്.എസ്.എസിലും പോത്തന്‍കോട് ബ്ലോക്കിന്റേത് കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും.
മാറനല്ലൂര്‍ ഡി.വി.എം.എന്‍.എന്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നേമം ബ്ലോക്കിന്റെ വോട്ടെണ്ണല്‍. വെള്ളനാട് ബ്ലോക്കിലെ വോട്ടെണ്ണല്‍ വെള്ളനാട് ജി. കാര്‍ത്തികേയന്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വര്‍ക്കല ബ്ലോക്കിലേത് വര്‍ക്കല ശിവഗിരി എസ്.എന്‍. കോളജിലും ചിറയിന്‍കീഴ് ബ്ലോക്കിന്റേത് ആറ്റിങ്ങല്‍ ഗവണ്‍മെന്റ മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും.
കിളിമാനൂര്‍ എച്ച്.എസ്.എസില്‍ കിളിമാനൂര്‍ ബ്ലോക്ക് പരിധിയിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടെണ്ണല്‍ നടക്കും. വാമനപുരം ബ്ലോക്കിലെ വോട്ടെണ്ണല്‍ വെഞ്ഞാറമൂട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നെടുമങ്ങാട് ബ്ലോക്കിലേത് നെടുമങ്ങാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണു നിശ്ചയിച്ചിട്ടുള്ളത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുഴുവന്‍ ഡിവിഷനുകളുടേയും വോട്ടെണ്ണല്‍ നാലാഞ്ചിറ മാര്‍ ഇവാനിയോസ് നഗറിലെ സര്‍വോദയ വിദ്യാലയ ഐ.സി.എസ്.ഇ സ്‌കൂളില്‍ നടക്കും. വര്‍ക്കല മുനിസിപ്പാലിറ്റിയിലെ വോട്ടെണ്ണല്‍ വര്‍ക്കല മുനിസിപ്പല്‍ ഓഫിസിലും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലേത് നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലേത് ആറ്റിങ്ങല്‍ മുനിസിപ്പല്‍ ഓഫിസിലും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലേത് മഞ്ച ബി.എച്ച്.എസിലും നടക്കും.