ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരെ തിരഞ്ഞെടുക്കുന്നതിനു വോട്ടെടുപ്പ് പൂര്‍ത്തിയായശേഷം വരണാധികാരി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ബാലറ്റ് പേപ്പറുകള്‍ എണ്ണേണ്ടതും ഓരോ അംഗവും ഏതു സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് പ്രഖ്യാപിക്കേണ്ടതും തുടര്‍ന്ന് ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി താഴെ പറയുന്ന രീതി അനുസൃതമായി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കേണ്ടതുമാണ്.
മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ രണ്ടു മാത്രമേ ഉള്ളൂ എങ്കില്‍ കൂടുതല്‍ സാധുവായ വോട്ടുകള്‍ നേടിയ ആള്‍ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കേണ്ടതും രണ്ട് സ്ഥാനാര്‍ഥികള്‍ക്കും സാധുവായ വോട്ടുകള്‍ തുല്യമായി വരുന്ന സന്ദര്‍ഭത്തില്‍ യോഗത്തില്‍ നറുക്കെടുപ്പ് വരണാധികാരി നടത്തേണ്ടതും ആരുടെ പേരാണോ നെറുക്കെപ്പെടുന്നത് ആ ആള്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കേണ്ടതുമാണ്.
മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ രണ്ടിലധികം ഉണ്ടെങ്കില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് മറ്റെല്ലാ സ്ഥാനാര്‍ഥികള്‍ക്കും കൂടി കിട്ടിയിട്ടുള്ള മൊത്തം വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടിയിട്ടുള്ള പക്ഷം അപ്രകാരം കൂടുതല്‍ വോട്ടുകള്‍ ലഭിച്ച ആദ്യ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കേണ്ടതാണ്.
മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ രണ്ടിലധികം ഉണ്ടായിരിക്കുകയും ആദ്യത്തെ വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും മറ്റെല്ലാ സ്ഥാനാര്‍ഥികള്‍ക്കും കൂടി കിട്ടിയിട്ടുള്ള മൊത്തം വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടാതിരിക്കുകയും ചെയ്യുന്ന പക്ഷം ഏറ്റവും കുറച്ചു എണ്ണം വോട്ടുകള്‍ ലഭിച്ച സ്ഥാനാര്‍ഥിയെ തിരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കേണ്ടതും അങ്ങനെ ഒരു സ്ഥാനാര്‍ത്ഥിക്ക് ശേഷിക്കുന്ന സ്ഥാനാര്‍ഥിയെക്കാളോ അല്ലെങ്കില്‍ ശേഷിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ മൊത്തം വോട്ടിനേക്കാളോ അതതു സംഗതി പോലെ കൂടുതല്‍ സാധുവായ വോട്ടുകള്‍ ലഭിക്കുന്നതുവരെ ഓരോ വോട്ടെടുപ്പും ഏറ്റവും കുറച്ചു വോട്ടുകള്‍ കിട്ടുന്ന സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് വോട്ടെടുപ്പ് തുടരേണ്ടതും അങ്ങനെ കൂടുതല്‍ വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കേണ്ടതുമാണ്.
ഒരു വോട്ടെടുപ്പില്‍ രണ്ടോ അതിലധികമോ സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ എണ്ണം വോട്ടുകള്‍ ലഭിക്കുകയും അതില്‍ ഒരാളെ ഒഴിവാക്കേണ്ടിയും വരുമ്പോള്‍ തുല്യമായി വോട്ടുകള്‍ കിട്ടിയ സ്ഥാനാര്‍ഥികളില്‍ ഏതു സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കണം എന്നതിലേക്ക് വരണാധികാരി നറുക്കെടുപ്പ് നടത്തേണ്ടതും ആരുടെ പേരാണോ നറുക്കെടുക്കപ്പെടുന്നത് ആ ആളിനെ ഒഴിവാക്കേണ്ടതുമാണ്.
#LSGElection2020
#idukkidistrict