രോഗം ബാധിച്ച ഫാമിലെ താറാവുകളെ നശിപ്പിക്കും

ആശങ്ക വേണ്ടെന്ന് കളക്ടര്‍

കോട്ടയം ജില്ലയിലെ നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. രോഗബാധയുണ്ടായ ഫാമില്‍ ശേഷിക്കുന്ന താറാവുകളെയും ഫാമിനു പുറത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കുന്ന നടപടികള്‍ക്ക് ഇന്നു(ജനുവരി 5) രാവിലെ തുടക്കം കുറിക്കും.

ഈ ഫാമിനു പുറത്ത് കോഴിയും താറാവും ഉള്‍പ്പെടെ മൂവായിരം വളര്‍ത്തു പക്ഷികള്‍ ഉള്ളതായാണ് കണക്കാക്കിയിരിക്കുന്നത്.

രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഫാം ഒറ്റപ്പെട്ട മേഖലയിലാണ്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് രോഗം പടരുന്നത് തടയുന്നതിനും മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആശങ്ക വേണ്ടതില്ലെന്ന് കളക്ടര്‍ പറഞ്ഞു.

എ.ഡി.എം അനില്‍ ഉമ്മന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. ഷാജി പണിക്കശ്ശേരി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ആര്‍. ഷൈല, തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു, മൃഗസംരക്ഷണ വകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. കെ.ആര്‍. സജീവ്കുമാര്‍, ഡോ. ഷിജോ, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

രോഗം സ്ഥിരീകരിച്ചത് ഭോപ്പാലിലെ പരിശോധനയില്‍

എഴുപതു ദിവസത്തോളം പ്രായമുള്ള എണ്ണായിരം താറാവിന്‍ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്ന ഫാമിലെ 1700 താറാവുകളാണ് ഇന്നലെ(ജനുവരി 4) വരെ ചത്തത്. ഡിസംബര്‍ 28ന് 600 താറാവുകള്‍ ചത്തതിനെത്തുടര്‍ന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. ഷാജി പണിക്കശ്ശേരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ 29ന് ഫാമില്‍ സന്ദര്‍ശനം നടത്തി സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയഗ്നോസ്റ്റിക്‌സ് ലാബിലേക്കും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലേക്കുമാണ് സാമ്പിളുകള്‍ അയച്ചത്. രോഗം സ്ഥിരീകരിച്ചുകൊണ്ട് ഭോപ്പാലില്‍നിന്നും ഇന്നലെ(ജനുവരി 4)യാണ് അറിയിപ്പ് ലഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവിടെ ചാകുന്ന താറാവുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കോട്ടയം ജില്ലയിലെ കുടവെച്ചൂരില്‍ ഇരുപതോളം താറാവുകള്‍ ചത്ത ഫാമില്‍നിന്നുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

താറാവുകളെ കൊല്ലുന്നതിന് ദ്രുത കര്‍മ്മസേനകള്‍

രോഗം സ്ഥിരീകരിച്ച ഫാമിലെ താറാവുകളെ കൊന്ന് മറവു ചെയ്യുന്നതിനായി വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള എട്ട് ദ്രുതകര്‍മ്മ സേനകളെ നിയോഗിച്ചു. പോലീസ്, റവന്യു, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

മേക്കാവ് എസ്.കെ.വി.എല്‍.പി സ്‌കൂളാണ് ദ്രുതകര്‍മ്മ സേനയുടെ ക്യാമ്പായി പ്രവര്‍ത്തിക്കുക. ഇവര്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഉറപ്പാക്കും. പി.പി.ഇ കിറ്റ് ഉള്‍പ്പെടെയുള്ള പ്രതിരോധ മുന്‍കരുതലുകളോടെയായിരിക്കും നശീകരണ നടപടികള്‍. സേനാംഗങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു ദിവസംകൊണ്ട് നശീകരണം പൂര്‍ത്തിയാക്കിയശേഷം സംഘം ഏഴു ദിവസം ക്യാമ്പില്‍ ക്വാറന്റയിനില്‍ കഴിയും. കോട്ടയം തഹസില്‍ദാര്‍ക്കാണ് നടപടികളുടെ മേല്‍നോട്ട ചുമതല.

താറാവുകളെ നശിപ്പിച്ചതിനുശേഷം മേഖലയില്‍ ആരോഗ്യ വകുപ്പ് അണുനശീകരണം നടത്തുകയും നിരീക്ഷണ സംവിധാനം തുടരുകയും ചെയ്യും.

പുതിയതായി താറാവുകളെ എടുക്കരുതെന്ന് നിര്‍ദേശം

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ ഫാമുകളിലും മറ്റു വില്‍പ്പന കേന്ദ്രങ്ങളിലും താറാവുകളെയോ താറാവിന്‍ കുഞ്ഞുങ്ങളെയോ പുതിയതായി പുറത്തുനിന്ന് കൊണ്ടുവരുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് വെറ്ററിനറി ഓഫീസര്‍മാര്‍ മുഖേന മൃഗസംരക്ഷണ വകുപ്പ് എല്ലാ മേഖലകളിലും അറിയിപ്പു നല്‍കിയിട്ടുണ്ട്.

ജനങ്ങളുടെ ആശങ്കയകറ്റും

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെങ്കിലും നിലവില്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. ജനങ്ങളുടെ ഭീതിയകറ്റുന്നതിനും പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കുന്നതിനും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലത്തിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യ വകുപ്പ് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ സാമ്പിള്‍ പരിശോധന;ദേശാടന പക്ഷികളെ നിരീക്ഷിക്കും

രോഗം സ്ഥിരീകരിച്ച ഫാമിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ വളര്‍ത്തു പക്ഷികളുടെ സാമ്പിളുകള്‍ മൃഗസംരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് പരിശോധന നടത്തും. രോഗം കൂടുതല്‍ മേഖലകളിലേക്ക് പടര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണിത്.

നീണ്ടൂരിലും സമീപ മേഖലകളിലും ദേശാടന പക്ഷികളെ പ്രത്യേകമായി നിരീക്ഷിക്കുന്നതിന് സാമൂഹിക വനവത്കരണ വിഭാഗത്തെ ചുമതലപ്പെടുത്തി. ദേശാടന പക്ഷികള്‍ അസ്വാഭാവികമായി ചാകുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കാനാണ് നിര്‍ദേശം. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡിലും സമീപ മേഖലകളിലും ജനങ്ങള്‍ മീന്‍ പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


കണ്‍ട്രോള്‍ റൂം തുറന്നു

പക്ഷിപ്പനി സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കുന്നതിനും സംശയ നിവാരണത്തിനുമായി കോടിമതയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍-2564623