പാലക്കാട്:തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്തിൽ നാറാണത്ത്തോട്ടിൽ വി.സി.ബി കം ബ്രിഡ്ജിന്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. കൃഷിക്കാവശ്യമായ ജലസേചനം ഉറപ്പ് വരുത്തുന്ന പദ്ധതികൾക്കാണ് ഈ സർക്കാർ പ്രഥമ പരിഗണന നൽകിയത്. ജലസേചന സൗകര്യങ്ങൾ വിപുലപെടുത്തുന്ന നിരവധി പദ്ധതികൾ ഇതിനകം സർക്കാർ പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു. മുഹമ്മദ് മുഹസിൻ എം.എൽ.എ അദ്ധ്യക്ഷനായി.
ജലസേചന വകുപ്പിന്റെ 2019-20 വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം നടത്തുന്നത്. 12 മീറ്റർ നീളവും 3.60 വീതിയും രണ്ടര മീറ്റർ ഉയരവുമുള്ള പാലത്തിന് 2.4 മീറ്റർ വീതിയും ഒന്നര മീറ്റർ ഉയരമുള്ള നാല് ഷട്ടറുകൾ സ്ഥാപിച്ച് സ്വാഭാവിക നീരൊഴുക്ക് സംഭരിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വേനലിൽ തന്നെ പ്രവർത്തി പൂർത്തികരിക്കുമെന്ന് മുഹമ്മദ് മുഹസിൻ എം. എൽ.എ അറിയിച്ചു.
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന, എം.ഐ ഷൊർണൂർ അസി.എക്സിക്യൂട്ടിവ് എഞ്ചിനീയർ ഹുസൈൻ ചോലക്കൽ, പാലക്കാട്‌ എം.ഐ ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ സി.വി.സുരേഷ് ബാബു, അസി.എഞ്ചിനിയർ സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.