കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂരില്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് നിയോഗിച്ച വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി. ചെന്നൈയിലെ ആനിമല്‍ ക്വാറന്റയിന്‍ ആന്റ് സര്ട്ടിഫിക്കേഷന് സര്‍വീസിലെ റീജിയണല്‍ ഓഫീസര്‍ ഡോ. ദീപാങ്കര്‍ ബിശ്വാസ്, ഹൈദരാബാദിലെ ഡയറക്ടറേറ്റ് ഓഫ് പൗള്‍ട്രി റിസര്‍ച്ചിലെ ഡോ. എം. ആര്. റെഡ്ഡി, ബംഗലുരുവിലെ സതേണ്‍ റീജിയണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക്സിലെ(എസ്.ആര്.ഡി.ഡി.എല്‍) ഡോ. എ.പി. ശങ്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.
ഇവരുടെ നിര്‍ദേശപ്രകാരം പരിശോധനയ്ക്ക് അയയ്ക്കുന്നതിനായി ദേശാടന പക്ഷികളുടെ കാഷ്ഠം മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചു. താറാവുകളെ കത്തിച്ചു നശിപ്പിച്ച സ്ഥലത്തെ മേല്‍ മണ്ണ് എടുത്തു മാറ്റി കുമ്മായം വിതറി മറവു ചെയ്തു.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എം. ദിലീപ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഷാജി പണിക്കശ്ശേരി, നോഡല്‍ ഓഫീസര്‍ ഡോ. സജീവ്, അഡീഷണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രവീണ്‍ പുന്നൂസ്, ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡോ. ബേബി ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.
കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിന്‍ഹാജ് ആലത്തിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച്ച നീണ്ടൂരില്‍ എത്തിയിരുന്നു.