മലപ്പുറം: ജില്ലയിലെ 943 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസ് പദവിയിലേക്ക്. ഇതു സംബന്ധിച്ച പ്രഖ്യാപനം ജനുവരി 26 മുഖ്യമന്ത്രി പിണറായി വിജയന് രാവിലെ 11.30ന് നിര്‍വഹിക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജില്ലയില്‍ 943 ഓഫീസുകള്‍ അടക്കം 10,000 ഓഫീസുകള്‍ ഹരിത ചട്ടത്തിലേക്ക് മാറിയതിന്റെ പ്രഖ്യാപനം സംസ്ഥാനത്ത് മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്കില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉച്ചക്ക് 12ന് നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു അധ്യക്ഷയാകും. ഹരിത പദവിയില്‍ എഗ്രേഡ് ലഭിച്ച പെരുമ്പടപ്പ് ബ്ലോക്കിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ സ്പീക്കര്‍ നിര്‍വഹിക്കും.
ജില്ലയില്‍ 1251 സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശോധന നടത്തിയതില്‍ 943 ഓഫീസുകള്‍ക്കാണ് പദവി ലഭിച്ചത്. 90 മാര്‍ക്കിന് മുകളില്‍ ലഭിച്ച 203 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് എ ഗ്രേഡും 80-89 മാര്‍ക്ക് നേടിയ 350 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ബി ഗ്രേഡും 70-79 മാര്‍ക്ക് നേടിയ 390 ഓഫീസുകള്‍ക്ക് സി ഗ്രേഡും ലഭിച്ചു.
ഹരിത കേരള മിഷന്റെയും ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിത ഓഫീസ് പരിശോധനകള്‍ ജില്ലയില്‍ ആരംഭിച്ചത്. ജില്ലാതല കാര്യാലയങ്ങളും താലൂക്ക് ഓഫീസുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പരിശോധിക്കാന്‍ 21 ജില്ലാതല സമിതികളാണ് രൂപീകരിച്ചത്. തദ്ദേശ സ്ഥാപന പരിധിയിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പരിശോധിച്ചത് അതത് തദ്ദേശ സ്ഥാപനങ്ങളില്‍ രൂപീകരിച്ച സമിതിയാണ്. 70 ല്‍ താഴെ മാര്‍ക്ക് ലഭിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 15 ദിവസം നല്കിയ ശേഷം പുന:പരിശോധന നടത്തും. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും കിലയുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഔദ്യോഗിക യൂട്യൂബ് ചാനലിലും പരിപാടി തത്സമയം കാണാനാവും.