കാസര്‍ഗോഡ്: കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയില്‍ അഞ്ചു വയസിനു താഴെയുള്ള 97494 കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കി. വാക്‌സിന്‍ സ്വീകരിച്ചവരില്‍ 393 പേര്‍ അതിഥി സംസ്ഥാനക്കാരുടെ കുട്ടികളാണ്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ട്രാന്‍സിറ്റ് ബൂത്തുകളിലൂടെയും ആരോഗ്യ സഥാപനങ്ങള്‍, അങ്കണവാടികള്‍, ക്ലബ്ബുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സജ്ജീകരിച്ച 1250 ബൂത്തുകള്‍ വഴിയാണ് പ്രതിരോധ തുള്ളി മരുന്ന് വിതരണം നടത്തിയത്.
കോവിഡ് 19 മഹാമാരികാലത്തു നടത്തിയ പോളിയോ തുള്ളിമരുന്ന് വിതരണത്തില്‍ 83 ശതമാനം ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചത് കൂട്ടായ ശ്രമത്തിന്റെ വിജയമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ .എ വി രാംദാസ് പറഞ്ഞു. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, മറ്റ് വകുപ്പുകള്‍, റോട്ടറി ഇന്റര്‍നാഷണല്‍ തുടങ്ങിയ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണ് ജില്ലയില്‍ പോളിയോ തുള്ളിമരുന്ന് വിതരണം നടത്തുന്നത്. വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാതെ പോയ കുട്ടികള്‍ക്ക് തുടര്‍ ദിവസങ്ങളിലായി വാക്‌സിന്‍ നല്‍കുമെന്നും സംശയ നിവാരണത്തിനായി തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടണമെന്നും ഡി എം ഒ അറിയിച്ചു .
