ആലപ്പുഴ: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ കരുമാടി സ്വദേശി സുദര്‍ശനനും ക്യാന്‍സര്‍ രോഗബാധിതയായ മകള്‍ സുനിതക്കും സഹായത്തിന്റെ കരുതലേകി സാന്ത്വന സ്പര്‍ശം അദാലത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25000 രൂപ വീതമാണ് രണ്ട് പേര്‍ക്കും അദാലത്തിലൂടെ സഹായം അനുവദിച്ചത്. രണ്ട് പേരുടെയും രോഗം മൂലം പ്രതിസന്ധിയിലായ കുടുംബത്തിന് അദാലത്തിലൂടെ ലഭ്യമായ ധനസഹായം ഏറെ ആശ്വാസമാകുമെന്ന് ധനസഹായം അനുവദിച്ചുകൊണ്ടുള്ള രേഖകള്‍ മന്ത്രി ജി. സുധാകരനില്‍ നിന്നും ഏറ്റുവാങ്ങിയശേഷം സുദര്‍ശനന്‍ പറഞ്ഞു.

അമ്പലപ്പുഴ താലൂക്കില്‍ ഉള്‍പ്പെടുന്ന കരുമാടി സയനം വീട്ടില്‍ സുദര്‍ശനന്‍ കഴിഞ്ഞ 13 വര്‍ഷമായി വൃക്ക രോഗ ബാധിതനാണ്. 2009ല്‍ ഇദ്ദേഹത്തിന്റെ വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയ നടന്നു. സുദര്‍ശനന്റെ വരുമാനത്തില്‍ ജീവിച്ചു വന്നിരുന്ന കുടുംബം രോഗവും ചികിത്സയും മൂലം ഏറെ പ്രയാസങ്ങളിലൂടെയാണ് ജീവിച്ചു പോന്നിരുന്നത്. ഇതിനിടയിലാണ് ക്യാന്‍സറിന്റെ രൂപത്തില്‍ സുദര്‍ശനന്റെ കുടുംബത്തെ തേടി വീണ്ടും ദുരിതമെത്തിയത്.

മൂത്ത മകള്‍ സുനിതയ്ക്കാണ് ക്യാന്‍സര്‍ രോഗം പിടിപെട്ടത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുനിതക്ക് ഇപ്പോള്‍ കീമോ നടന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം അമ്പലപ്പുഴ താലൂക്കിനായി നടന്ന അദാലത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം പങ്കെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് എടത്വയില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് ഇവര്‍ എത്തിയത്.