മേപ്പാടിയിൽ പ്രവർത്തനമാരംഭിച്ച നവീകരിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ ഓൺലൈനായി നിർവ്വഹിച്ചു. മാവേലി സ്റ്റോറുകൾ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളായി മാറിയതോടെ ഭക്ഷ്യ പൊതു വിതരണ രംഗത്ത് പ്രകടമായ മാറ്റം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ സ്വയം തെരഞ്ഞെടുക്കുന്നതിനുള്ള അവസരം ഒരുക്കുന്നതിനായാണ് മാവേലി സ്റ്റോറുകൾ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളായി ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്താകെ പൊതു വിപണിയിൽ വിലക്കയറ്റം അനുഭവപ്പെട്ടപ്പോഴും സപ്ലൈകോ സ്റ്റോറുകളിൽ ഉത്പന്നങ്ങൾക്ക് വില വർധനവ് ഉണ്ടായിട്ടില്ല. ഉപഭോക്താക്കൾക്ക് ആവശ്യമായ ഉത്പന്നങ്ങൾ സപ്ലൈകോ സ്റ്റോറുകളിലൂടെ വിലക്കുറവിൽ വിതരണം ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഗൃഹോപകരണങ്ങളും സ്റ്റോറുകളിൽ ലഭ്യമാണെന്ന് മന്ത്രി പറഞ്ഞു. ലോക്ക്ഡൗൺ സാഹചര്യത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തതിലൂടെ പൊതു ജനങ്ങൾക്ക് കൂടുതൽ ആശ്വാസം പകരാൻ സാധിച്ചിട്ടുണ്ടെന്നും, സംസ്ഥാനത്ത് 6 കോടിയിലധികം പേർക്കാണ് നിലവിൽ ഭക്ഷ്യകിറ്റ് നൽകി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേപ്പാടി ടൗണിൽ പ്രവർത്തിച്ചിരുന്ന മാവേലി സ്റ്റോറാണ് മികച്ച സൗകര്യങ്ങളോടെ നവീകരിച്ച് സപ്ലൈകോ സൂപ്പർ സ്റ്റോറായി ഉയർത്തി കെ.ബി റോഡിലെ ബിൽഡിംഗിൽ പ്രവർത്തനമാരംഭിക്കുന്നത്. മേപ്പാടിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്. ബിന്ദു, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓമന രമേശൻ, വൈസ് പ്രസിഡൻ്റ് റംല ഹംസ, സപ്ലൈകോ മാനേജിങ് ഡയറക്ടർ പി.എം. അലി അസ്ഗർ പാഷ, ജില്ലാ സപ്ലൈ ഓഫീസർ റഷീദ് മുത്തുക്കണ്ടി തുടങ്ങിയവർ പങ്കെടുത്തു.