16 എണ്ണം കൂടി മികവിൻ്റെ കേന്ദ്രങ്ങളായി

തൃശ്ശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 16 വിദ്യാലയങ്ങൾ കൂടി മികവിന്റെ കേന്ദ്രങ്ങളായി. ശനിയാഴ്ച (ഫെബ്രു. ആറിന്) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി വിദ്യാലയങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പു മന്ത്രി ഡോ. എം തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി. മന്ത്രിമാർ, എം എൽ എ മാർ, മറ്റ് ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ വിവിധയിടങ്ങളിൽ പങ്കെടുത്തു.

സംസ്ഥാനത്തെ 111 പൊതു വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളാ കുന്നതിൻ്റെ ഭാഗമായാണ് ജില്ലയിലെ നന്തിക്കര ജി വി എച്ച് എസ് എസ്, കണ്ടശ്ശാംകടവ് പി ജെ എം എസ് എച്ച് എസ് എസ്, ചേലക്കര എസ് എം ടി എച്ച് എസ് എസ്, വില്ലടം ജി എച്ച് എസ് എസ്, പീച്ചി ജി എച്ച് എസ് എസ്, വരവൂർ ജി എച്ച് എസ് എസ്, പുതുക്കാട് ജി വി എച്ച് എസ് എസ്, നന്തിപുലം ജി യു പി എസ്, കോടാലി ജി എൽ പി എസ്, മൂർക്കനിക്കര ജി യു പി എസ്, കൊരട്ടി പി എൽ പി എസ്, വടുതല ജി യു പി എസ്, ചാലക്കുടി ജി ജി എച്ച് എസ്, ചമ്മന്നൂർ ജി എൽ പി എസ്, തൃക്കൂർ ടി പി എസ് എച്ച് എസ് എസ്, തൃക്കൂർ ടി പി എസ് എച്ച് എസ് എന്നീ വിദ്യാലയങ്ങളാണ് മികവിൻ്റെ കേന്ദ്രങ്ങളായത്.

മികവിൻ്റെ കേന്ദ്രങ്ങളായി മുഖ്യമന്ത്രി പ്രഖ്യാപിച്ച വിദ്യാലയങ്ങളെ പരിചയപ്പെടാം;

നന്തിക്കര ജി വി എച്ച് എസ് എസ്

കിഫ്ബിയുടെ അഞ്ചു കോടി ആറ് ലക്ഷം രൂപ ഉപയോഗിച്ച് കൈറ്റ്‌സിന്റെ നേതൃത്വത്തിലാണ് പുതുക്കാട് മണ്ഡലത്തിലെ നന്തിക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിൽ മൂന്നു നിലകളുള്ള കെട്ടിടം ഉയർന്നിട്ടുള്ളത്. ലൈബ്രറി, റീഡിംഗ് റൂം, 3 ഹൈടെക് ലാബുകൾ, ഓഡിറ്റോറിയം, ഇന്റർലോക്ക് മുറ്റം, പൂന്തോട്ടം, ടോയ്‌ലറ്റ് ബ്ലോക്കുകൾ എന്നിവയടക്കം 27 ക്ലാസ് മുറികളും പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചേലക്കര എസ് എം ടി എച്ച് എസ് എസ്

കിഫ്ബി ഫണ്ടിൽ നിന്നും മൂന്നു കോടി രൂപയും യു ആർ പ്രദീപ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 34 ലക്ഷം രൂപയും ഉപയോഗിച്ചാണ് പതിനഞ്ചും നാലുവീതം ക്ലാസ് മുറികളുള്ള കെട്ടിടങ്ങൾ ചേലക്കരയിൽ പൂർത്തീകരിച്ചത്.

നന്തിപുലം ജി യു പി എസ്

പ്ലാൻ ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപ ഉപയോഗിച്ച് 3 ക്ലാസ് മുറികളും ശുചിമുറിയും വാഷിങ് ഏരിയയും ഹാളും സ്‌കൂൾ ഗേറ്റും അടക്കം പുതിയ സൗകര്യങ്ങളോടെയാണ് കെട്ടിടം പൂർത്തിയായിട്ടുള്ളത്.

കോടാലി ഗവ എൽ പി എസ്

പുതുക്കാട് മണ്ഡലത്തിലെ മറ്റത്തൂർ പഞ്ചായത്തിൽ കോടാലി ഗവ. എൽ പി സ്‌കൂളിൽ പ്ലാൻ ഫണ്ടിൽ നിന്നനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ചാണ് 20 ക്ലാസ് മുറികളും ടോയ്‌ലറ്റ് യൂറിനറി ബ്ലോക്കുകളും അടങ്ങിയ ഇരുനില കെട്ടിട സമുച്ചയം നിർമിച്ചത്.

ചമ്മന്നൂർ ജി എൽ പി എസ്

ഗ്രാമ പഞ്ചായത്ത് ഫണ്ടായ 56 ലക്ഷം രൂപ ഉപയോഗിച്ച് ഹൈടെക് സംവിധാനത്തോട് കൂടി ഏഴ് ക്ലാസ് മുറികൾ, ചുറ്റുമതിൽ, റേഡിയോ റൂം, ശുചിമുറി, വാഷിങ് ഏരിയ, സ്കൂൾ ഗേറ്റ് എന്നീ സൗകര്യങ്ങളോടെയുള്ള കെട്ടിടമാണ് ചമ്മന്നൂരിൽ പൂർത്തീകരിച്ചത്.

കൊരട്ടി പി എൽ പി എസ്

പ്ലാൻ ഫണ്ടിൽ നിന്ന് 93.5 ലക്ഷം രൂപ ഉപയോഗിച്ച് 6600 ചതുരശ്ര അടിയിൽ ഹൈടെക് സംവിധാനങ്ങളോടെ ക്ലാസ്മുറികളും സ്റ്റേജും പതിനാറ് ശുചിമുറികളും അടക്കമുള്ള കെട്ടിടമാണ് നിർമാണം പൂർത്തിയാക്കിയത്.

വടുതല ജിയുപിഎസ്

പ്ലാൻ ഫണ്ടിൽ നിന്നും 88 ലക്ഷം രൂപ ഉപയോഗിച്ച് ഹൈടെക് സംവിധാനത്തോടുകൂടിയ 4 ക്ലാസ് മുറികളും ഹാളും അടങ്ങിയ കെട്ടിടമാണ് ഇവിടെ ഉദ്ഘാടനം ചെയ്തിട്ടുള്ളത്.

വില്ലടം ജിഎച്ച്എസ്എസ്

മൂന്നുകോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 17 ക്ലാസ് മുറികളാണ് വില്ലടത്ത്ഹൈടെക്കായത്. കൂടാതെ രണ്ട് കോൺഫറൻസ് ഹാൾ, സ്റ്റാഫ് റൂം ലാബ്, ഓഫീസ് റൂം, ടോയ്ലറ്റ് ബ്ലോക്കുകളും പണി കഴിപ്പിച്ചിട്ടുണ്ട്.

പുതുക്കാട് ജിവിഎച്ച്എസ്എസ്

പ്ലാൻ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ഉപയോഗിച്ചാണ് 3 ക്ലാസ് മുറികളും ലാബുകളും അടങ്ങിയ കെട്ടിടം പൂർത്തിയാക്കിയിരിക്കുന്നത്.

മൂർക്കനിക്കര ജിയുപിഎസ്

പ്ലാൻ ഫണ്ടിൽ നിന്നും 2.68 ലക്ഷം ഉപയോഗിച്ച് ഹൈടെക് സംവിധാനത്തോടെ 18 ക്ലാസ് മുറികളും രണ്ട് ഓഫീസ്, സ്റ്റാഫ് റൂം ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ ലാബ്‌, ടോയ്‌ലറ്റ് ബ്ലോക്ക്, വാഷിംഗ് ഏരിയ, അടുക്കള, ഡൈനിങ് സൗകര്യങ്ങൾ എന്നീ അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടമാണ് നിർമാണം പൂർത്തീകരിച്ചത്.

തൃക്കൂർ ടി പി എസ് എച്ച് എസ്

കിഫ്ബിയുടെ മൂന്ന് കോടി 15 ലക്ഷം ഉപയോഗിച്ച് 12 ക്ലാസ് മുറികൾ, പ്രിൻസിപ്പൽ റൂം, സ്റ്റാഫ് റൂം, ലൈബ്രറി, ടോയ്ലറ്റ് ബ്ലോക്ക്, ടിങ്കറിംഗ് ലാബ് എന്നിങ്ങനെയുള്ള സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.

തൃക്കൂർ ടിപിഎസ്എച്ച്എസ്എസ്

പ്ലാൻ ഫണ്ടിൽ നിന്ന് 2.5 കോടി രൂപ ഉപയോഗിച്ച് 4 ലാബുകളും ഹൈടെക് ക്ലാസ് റൂമുകളും ടോയിലറ്റ് ബ്ലോക്കുകളും ഉള്ള കെട്ടിടം.

ചാലക്കുടി ജി ജിഎച്ച്എസ്

സർവ ശിക്ഷാ കേരള (എസ് എസ് കെ) 3.67 കോടി രൂപ ഉപയോഗിച്ച് വാർഡൻ റൂം, പ്രത്യേക പരിഗണന അർഹിക്കുന്നവർക്കുള്ള റൂം, ഡൈനിങ് റൂം, ടിവി റൂം, അടുക്കള, ഓഫീസ് റൂം, റീഡിങ് ഏരിയ, 34 താമസ മുറികൾ എന്നിവയടങ്ങുന്ന ഹോസ്റ്റൽ ഘട്ടമാണ് ചാലക്കുടിയിൽ ഉദ്ഘാടനം ചെയ്തത്.

വരവൂർ ജിഎച്ച്എസ്എസ്

മൂന്നു കോടി രൂപ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 5 ക്ലാസ് റൂമുകളും ടോയ്ലറ്റ് ബ്ലോക്കുകളും വാഷിങ് ഏരിയയും അടങ്ങുന്ന ഹൈടെക് സംവിധാനത്തിലാണ് വരവൂർ രണ്ടാം ബ്ലോക്കിൽ കെട്ടിടം പണിതിരിക്കുന്നത്.

കണ്ടശ്ശാംകടവ് പി ജെ എം എസ് എച്ച് എസ് എസ്

പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 4.2 കോടി രൂപ ഉപയോഗിച്ച് 5 ലാബ്, 2 ഹൈടെക് ക്ലാസ് മുറികൾ, 2 സ്റ്റാഫ് റൂം, പ്രിൻസിപ്പൽ റൂം, ഓഫീസ് റൂം, സ്റ്റോർ റൂം, സെർവർ റൂം എന്നിവയടങ്ങുന്ന കെട്ടിടമാണ് കണ്ടശ്ശാംകടവിൽ ഉയർന്നിട്ടുള്ളത്.

പീച്ചി ജിഎച്ച്എസ്എസ്

കിഫ്ബി ഫണ്ടിൽ നിന്നും മൂന്നു കോടി 16 ലക്ഷം രൂപ ഉപയോഗിച്ച് 8 ക്ലാസ് മുറികൾ, 2 ലാബ്, സിന്തറ്റിക് കോർട്ട്, സൈക്കിൾ ഷെഡ്, ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിവയടങ്ങുന്ന കെട്ടിടമാണ് പീച്ചി സ്കൂളിൽ പണിതിട്ടുള്ളത്.