ആലപ്പുഴ: സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2019-20 ൽ ഉൾപ്പെടുത്തി ജില്ലയിൽ മികച്ച രീതിയിൽ പച്ചക്കറി കൃഷി ചെയ്ത കർഷർക്കും വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കും വിവിധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും മികച്ച രീതിയിൽ കാർഷിക വിജ്ഞാപനവ്യാപനം നിർവ്വഹിച്ച കാർഷിക ഉദ്ദോഗസ്ഥർക്കുമുള്ള അവാർഡുകൾ വിതരണം ചെയ്തു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ പരിപാടി ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിൽ വലിയ തോതിലുള്ള പരിവർത്തനമുണ്ടായ കാലഘട്ടമാണ് ഇപ്പോൾ കടന്നു പോകുന്നതെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷക്കാലം സംസ്ഥാനത്ത് ഭക്ഷ്യ ഉൽപ്പാദനത്തിൽ വലിയ പുരോഗതി ഉണ്ടായി. നെൽ, പച്ചക്കറി, ഇടവിള കൃഷി എന്നിവയിൽ മികച്ച നേട്ടം കൊയ്യാൻ സാധിച്ചു. നെൽകൃഷിയിൽ മികച്ച ഉൽപ്പാദനമുണ്ടായി. തരിശ് ഭൂമിയിലെ നെൽകൃഷിയിലൂടെ ഏറ്റവും കൂടുതൽ നേട്ടം കൊയ്യാൻ ഈ കാലഘട്ടത്തിൽ സാധിച്ചു. പച്ചക്കറി കൃഷിയിൽ കൂടി സ്വയം പര്യാപ്തത കൈവരിക്കാൻ നമുക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറിയും കാർഷിക ഉൽപന്നങ്ങളും ദീർഘകാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്ന ശീതീകരണ സംവിധാനമെന്ന പദ്ധതി അവസാന ഘട്ടത്തിലാണെന്നും ഇതുകൂടി സംസ്ഥാനത്ത് ആരംഭിക്കുന്നതോടെ കർഷകർക്ക് മികച്ച ന്യായവില നൽകാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. ചേർത്തല നഗരസഭാ വൈസ് ചെയർമാൻ ടി.എസ്സ്. അജയകുമാർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനൻ, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ( എൻ ഡബ്ല്യൂ ഡി പി ആർ എ ) എം ലീല കൃഷ്ണൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ അലിനി എ ആന്റണി, ആത്മ പ്രോജക്ട് ഡയറക്ടർ ലത മേരി ജോർജ്ജ് , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ സന്നിഹിതരായി . ചേർത്തല രാജിവ് ഗാന്ധി ടൗൺ ഹാളിൽ നടന്ന പരിപാടിയോടാനുബന്ധിച്ചു വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനവും പ്രദർശനവും നടന്നു. അവാര്‍ഡ് വിതരണം മന്ത്രി നിര്‍വഹിച്ചു.