തൃശ്ശൂർ: മതിലകം പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നു. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആരോഗ്യ മന്ത്രി കെ കെ ശൈലജ ഓൺലൈനായി നിർവ്വഹിച്ചു. ഇതോടൊപ്പം മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറ് ഉപകേന്ദ്രങ്ങളെയും ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററുകളാക്കി മാറ്റുന്നതിന്റെ പ്രഖ്യാപനവും മന്ത്രി നിർവ്വഹിച്ചു.15.50 ലക്ഷം രൂപയാണ് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതിന് വേണ്ടി അനുവദിച്ച തുക. കൂടാതെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവനങ്ങൾ നൽകുന്നതിനായി മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരെ നൽകുന്നതിനും തീരുമാനമായിട്ടുണ്ട്.

1998ലാണ് മതിലകം പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്. 150 ഓളം രോഗികൾ ദിനംപ്രതി ചികിത്സ തേടിയെത്തുന്ന ഈ സ്ഥാപനത്തിൽ നിലവിൽ ഒരു ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ക്ലാർക്ക്, ഓഫീസ് അറ്റന്റന്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റന്റന്റ് ഗ്രേഡ്, പി ടി സി എന്നിങ്ങനെ ഓരോ തസ്തികയിലും ഒരാൾ മാത്രമാണ് നിലവിലുള്ളത്. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുമ്പോൾ ജനങ്ങൾക്ക് മികച്ച രോഗീപരിചരണത്തിനായി അധികമായി രണ്ട് ഡോക്ടർമാരുടെയും മൂന്ന് സ്റ്റാഫ് നഴ്സുമാരുടെയും ഒരു ഫാർമസിസ്റ്റിനെയും ഒരു ആപ്ലിക്കേഷനും സേവനം ഉണ്ടായിരിക്കും. നിലവിലുള്ള ചികിത്സാ സംവിധാനം വൈകീട്ട് ആറു വരെയായി ഉയർത്തും.

കയ്പമംഗലം നിയോജക മണ്ഡലത്തിലെ ആറ്‌ സബ് സെന്ററുകളാണ് ഹെൽത്ത് ആൻ്റ് വെൽനെസ്സ് സെന്ററുകളാക്കി മാറ്റുന്നത്. എറിയാട് പഞ്ചായത്തിലെ മുനയ്ക്കൽ, എടവിലങ്ങ് പഞ്ചായത്തിലെ കാര, ശ്രീനാരായണപുരം പഞ്ചായത്തിലെ ശാന്തിപുരം, മതിലകം പഞ്ചായത്തിലെ മതിലകം സബ് സെന്റർ, കയ്പമംഗലം പഞ്ചായത്തിലെ
വെസ്റ്റ് കയ്പമംഗലം, എടത്തിരുത്തി പഞ്ചായത്തിലെ ചൂലൂർ എന്നീ ഉപകേന്ദ്രങ്ങളാണ് ഹെൽത്ത് ആൻ്റ് വെൽനെസ്സ് സെന്ററുകളായി മാറാൻ തയ്യാറെടുക്കുന്നത്. ഓരോ സബ് സെന്ററിനും ഏഴ് ലക്ഷം രൂപ വീതമാണ്അനുവദിച്ചിരിക്കുന്നത്. കാത്തിരിപ്പുകേന്ദ്രം, ക്ലിനിക്ക്, ഓഫീസ് മുറി, കുത്തിവയ്പ്പ് മുറി, മുലയൂട്ടൽ മുറി, സ്റ്റോർ എന്നീ സൗകര്യങ്ങളോട് കൂടിയാണ് പുതിയ ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററുകൾ പൂർത്തിയാവുക.

ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ബ്ലോക്ക് പഞ്ചായത്തംഗം ഹഫ്സ ഒഫൂർ, മതിലകം പഞ്ചായത്തംഗം ഒ എ ജെൻട്രിൻ, പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ സാനു എം പരമേശ്വരൻ, മെഡിക്കൽ ഓഫീസർമാരായ ഡോ സി വി ജയാനന്ദൻ, ഡോ കെ വി നിധീഷ്, ടി ഡി ഭുവനേശ്വരി, ഡോ.മഞ്ചിത്ത് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന അവാർഡ് നേടിയ പെരിഞ്ഞനം സി എച്ച് സി, മാടവന, കൂളിമുട്ടം കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും ചടങ്ങിൽ ഉപഹാരം നൽകി.