തിരുവനന്തപുരം: അര്‍ബുദ രോഗത്തോടു പൊരുതുന്ന നെടുമങ്ങാട് കാച്ചാണി സ്വദേശിനി തങ്കമണിയ്ക്ക് സര്‍ക്കാരിന്റെ കരുതല്‍. ചികിത്സാ ചെലവിനെത്തുടര്‍ന്നുള്ള കടുത്ത സാമ്പത്തിക ബുദ്ധിമുട്ടില്‍ വിഷമിക്കുന്ന തങ്കമണിക്ക് സര്‍ക്കാരില്‍ നിന്നുള്ള സഹായങ്ങള്‍ ഉറപ്പാക്കാന്‍ സാന്ത്വന സ്പര്‍ശം അദാലത്തില്‍വച്ച് എ.എ.വൈ കാര്‍ഡ് കൈമാറി.
വീട്ടുജോലിക്കാരിയായിരുന്ന തങ്കമണിക്ക് ആറു വര്‍ഷം മുന്‍പാണ് അര്‍ബുദം ബാധിച്ചത്. അതോടെ ജോലിക്ക് പോകാന്‍ കഴിയാതെയായി. ക്യാന്‍സര്‍ രോഗികള്‍ക്കുള്ള പെന്‍ഷന്‍ കിട്ടുന്നുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിലായതോടെ ചികിത്സാ ചെലവുകള്‍ താങ്ങാവുന്നതിലുമപ്പുറമായി. കൂലിപ്പണിക്കാരനായ മകന്റെ വരുമാനംകൊണ്ടു കുടുംബത്തിന്റെ മുന്നോട്ടുപോക്ക് ബുദ്ധിമുട്ടിലായി.
എ.പി.എല്‍. കാര്‍ഡ് ആയതിനാല്‍ സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു തടസമുണ്ടെന്ന കാര്യം പരിഗണിച്ചാണ് ഇന്നലെ എസ്.എം.വി. സ്‌കൂളില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ തങ്കമണിക്ക് എ.എ.വൈ. കാര്‍ഡ് അനുവദിച്ചത്. ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ സര്‍ക്കാരിന്റെ കൈത്താങ്ങു കൂടിയായതോടെ വിധിയുടെ മുന്നില്‍ തോല്‍ക്കാതെ ക്യാന്‍സറിനെതിരായ പോരാട്ടം തുടരുകയാണ് തങ്കമണി.