തൃശ്ശൂർ: കുന്നംകുളം നിയോജക മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി വിവിധ സ്കൂളുകളിൽ പുതിയ കെട്ടിട ഉദ്ഘാടനം, കെട്ടിട നിർമാണോദ്ഘാടനം, ലാബ് ഉദ്ഘാടനം എന്നിവ നടന്നു.കുന്നംകുളം ഗവ. മോഡൽ ഹയർ സെക്കൻ്ററി ഗേൾസ് ഹൈസ്കൂളിൽ തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 62 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും ഒരു കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്നനുവദിച്ച് നിർമിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവും നടത്തി. നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി കെ ഷബീർ അധ്യക്ഷത വഹിച്ചു. മറ്റ് സ്ഥിരം സമിതി അംഗങ്ങൾ, കൗൺസിലർമാർ, പ്രധാനാധ്യാപകൻ പി മണികണ്ഠലാൽ, പ്രിൻസിപ്പാൾ പി പി ഷൈജ തുടങ്ങിയവർ പങ്കെടുത്തു.
കൊരട്ടിക്കര ഗവ. യുപി സ്കൂളിൽ ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം നടത്തി.
കാലപ്പഴക്കം ചെന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് ഒരു കോടി രൂപയുടെ പദ്ധതി. 7 ക്ലാസ് മുറികൾ അടങ്ങുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ഐ രാജേന്ദ്രൻ നിർവഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ജയകുമാർ, പ്രഭാത് മുല്ലപ്പള്ളി, പ്രധാനാധ്യാപിക വി എസ് ദീപ തുടങ്ങിയവർ പങ്കെടുത്തു.ലാഭകരമല്ലാതെ അടച്ചു പൂട്ടൽ ഭീഷണി നേരിട്ടതോടെ മാനേജ്മെൻറിൽ നിന്ന് സർക്കാർ ഏറ്റെടുത്ത് നടത്തിയ വേലൂർ പഞ്ചായത്തിലെ കിരാലൂർ ഗവ. പി എം എൽ പി സ്കൂളിൽ 80 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നടത്തി.വേലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ ഷോബി പ്രാദേശിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് കർമല ജോൺസൻ, സ്ഥിരം സമിതി അധ്യക്ഷൻ സി എഫ് ജോയ്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന റഷീദ്, അവണൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ രാധാകൃഷ്ണൻ, പ്രധാനാധ്യാപിക പി ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുത്തു.
വേലൂർ ഗവ. ആർ എസ് ആർ വി ഹയർ സെക്കൻ്ററി സ്കൂളിൽ ഒരു കോടി കിഫ്ബി ഫണ്ടുപയോഗിച്ച് നിർമിക്കുന്ന പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്തംഗം എ വി വല്ലഭൻ ശിലാസ്ഥാപനം നടത്തി. ജില്ലാ പഞ്ചായത്തംഗം ജലീൽ ആദൂർ, വാർഡ് മെമ്പർ സി ഡി സൈമൺ, പ്രിൻസിപ്പാൾ ജോൺ ജോഫി തുടങ്ങിയവർ പങ്കെടുത്തു.പഴഞ്ഞി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ 50 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഫിസിക്സ്, കെമിസ്ട്രി, സുവോളജി ലാബുകളുടെ ഉദ്ഘാടനം നടത്തി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം എൻ കെ ഹരിദാസൻ, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ എം രേഷ്മ, പി ടി എ പ്രസിഡൻ്റ് സിജി രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.