കണ്ണൂർ: കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതര്‍, ക്വാറന്റൈനിലുള്ളവര്‍ എന്നിവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താം. അതിന് വേണ്ട നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ജില്ലയില്‍ ആകെ 28834 ഭിന്നശേഷി വോട്ടര്‍മാരും 80 വയസിന് മുകളില്‍ പ്രായമുള്ള 46818 വോട്ടര്‍മാരുമാണുള്ളത്.
ഇവര്‍ക്ക് വോട്ടിംഗ് കേന്ദ്രങ്ങളില്‍ എത്തി വോട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടും കൊവിഡ് വ്യാപന സാധ്യതയും കണക്കിലെടുത്താണ് തപാല്‍ വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. തപാല്‍ വോട്ടിനുള്ള അപേക്ഷകള്‍ (12 ഡി ഫോറം) പോളിംഗ് ഉദ്യോഗസ്ഥര്‍ അവരുടെ താമസസ്ഥലങ്ങളില്‍ എത്തിക്കും. വോട്ടിംഗ് കേന്ദ്രത്തില്‍ എത്തി വോട്ട് ചെയ്യേണ്ടവര്‍ക്ക് അപ്രകാരവും ചെയ്യാവുന്നതാണ്.
വോട്ടര്‍മാര്‍ അവരുടെ മേല്‍വിലാസവും ഫോണ്‍ നമ്പറും അപേക്ഷയ്‌ക്കൊപ്പം നല്‍കണം. എസ്എംഎസായോ തപാലായോ ബിഎല്‍ഒ മുഖാന്തിരമോ വോട്ടിംഗ് തീയ്യതി വോട്ടര്‍മാരെ അറിയിക്കും. സ്‌പെഷ്യല്‍ പോളിങ്ങ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, പൊലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ എന്നിവര്‍ അടങ്ങുന്ന സംഘത്തിനാണ് തപാല്‍ വോട്ടിന്റെ ചുമതല.
ഇവര്‍ വോട്ടര്‍മാരുടെ താമസസ്ഥലങ്ങളില്‍ എത്തി പോസ്റ്റല്‍ ബാലറ്റ് കൈമാറും. രഹസ്യമായി വോട്ട് രേഖപ്പെടുത്തി പ്രത്യേകം കവറിലാക്കി സംഘത്തിന് കൈമാറാവുന്നതാണ്. റിട്ടേണിംഗ് ഓഫീസര്‍ക്ക് ദൂതന്‍ മുഖാന്തിരവും എത്തിക്കാം. കാഴ്ച വൈകല്യമോ മറ്റു ആരോഗ്യപ്രശ്‌നങ്ങളാലോ വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് പ്രായപൂര്‍ത്തിയായ ഒരാളുടെ സഹായം തേടാവുന്നതാണ്.
തപാല്‍ വോട്ടിനായി അപേക്ഷ നല്‍കിയവരുടെ അപേക്ഷകളിലെ വിവരങ്ങള്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങളുമായി ഒത്തുനോക്കി ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുക. വോട്ടര്‍പട്ടികയില്‍ അവരുടെ പേരിനു നേരെ ‘പിബി’ എന്ന് രേഖപ്പെടുത്തുകയും ചെയ്യും. അതിനാല്‍ തപാല്‍ വോട്ട് അപേക്ഷ നല്‍കിയവര്‍ക്ക് പിന്നീട് വോട്ടിംഗ് കേന്ദ്രത്തില്‍ ചെന്ന് വോട്ട് ചെയ്യാന്‍ സാധിക്കുകയില്ല.
കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും അതത് നിയോജക മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ക്ക് തപാല്‍ വോട്ടിനായി അപേക്ഷ നല്‍കാം. ആരോഗ്യവകുപ്പ് നല്‍കുന്ന പട്ടികയിലുള്ള കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കുമാണ് പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുണ്ടായിരിക്കുക.