പത്തനംതിട്ട: നമ്മുടെ ഭാവി നമ്മള്‍ തന്നെയാണ് തീരുമാനിക്കുന്നതെന്നും ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വീപ് വോട്ടര്‍ ബോധവത്ക്കരണത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ കോളജ് വിദ്യാര്‍ഥികളായ കന്നി വോട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. പഠന ശേഷം ജോലി ലഭിക്കണമെങ്കില്‍ നാട്ടില്‍ വികസനം ഉണ്ടാകണം. പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും പ്രാധാന്യം നല്‍കണം. പഠനം മാത്രമല്ല ഒരു മനുഷ്യന്റെ വളര്‍ച്ച. പരീക്ഷകളില്‍ മാര്‍ക്കിനായി മാത്രം പഠിക്കരുത്. പൊതുവേദികളില്‍ സംസാരിക്കാനും പരിപാടികള്‍ സംഘടിപ്പിക്കാനും ഓരോ വിദ്യാര്‍ഥിക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിന്റെ പ്രാധാന്യത്തെ കുറിച്ച് ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ കളക്ടറോട് ചോദിച്ചു. ഓരോ ചോദ്യത്തിനും കൃത്യമായ മറുപടി കളക്ടര്‍ നല്‍കി. ചര്‍ച്ചയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് മെഷീന്‍ എന്നിവ പരിചയപ്പെടുത്തി. സ്വീപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പരുമല പമ്പാ ദേവസ്വം ബോര്‍ഡ് കോളജ് വിദ്യാര്‍ഥിനി അനഘ അനിലിന് മൊമന്റോയും സര്‍ട്ടിഫിക്കറ്റും കളക്ടര്‍ നല്‍കി. സ്വീപ്പിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ കാമ്പയിനും കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ കാമ്പയിനും ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു.

കോഴഞ്ചേരി സെന്റ് തോമസ് കോളജ്, പത്തനംതിട്ട കാതോലിക്കറ്റ് കോളജ്, പരുമല പമ്പാ ദേവസ്വം ബോര്‍ഡ് കോളജ്, തുരുത്തിക്കാട് ബിഎഎം കോളജ്, കോന്നി എസ്എഎസ് എസ്എന്‍ഡിപി കോളജ്, കടമ്മനിട്ട മൗണ്ട് സിയോണ്‍ എന്‍ജിനിയറിംഗ് കോളജ് എന്നിവയെ പ്രതിനിധീകരിച്ചെത്തിയ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ ബി. ശ്രീബാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.