കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നത് വനിതകള്‍. കാസര്‍കോട് കളക്ടറേറ്റില്‍ 24 മണിക്കൂറും സജ്ജമായ കണ്‍ട്രോള്‍ റൂമാണ് കളക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാര്‍ എസ് ശ്രീജയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. പെരുമാറ്റ ചട്ടലംഘനം ഉള്‍പ്പടെയുള്ള പരാതികളും വോട്ടര്‍ ഹെല്‍പ് ലൈനുകളുടെ നിയന്ത്രണവും ഫീല്‍ഡ് ഇന്‍വസ്റ്റിഗേ ഷന്‍ ടീമിന്റെ മോണിറ്ററിംഗും അടക്കമുള്ള ചുമതലകള്‍ കണ്‍ട്രോള്‍ റൂമിനാണ്.
ഇതിനായി ചാര്‍ജ് ഓഫീസര്‍മാരായ മുംതാസ് ഹസന്‍, സുജ വര്‍ഗീസ് എന്നിവരും സഹായകരായി കെ പ്രസീത, കെ എസ് ശ്രീകല, പി സുജ, പി മമത, പത്മാവതി എന്നിവരടങ്ങുന്ന വനിത സംഘമാണ് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നത്. രാത്രിയില്‍ ചാര്‍ജ് ഓഫീസര്‍മാരായ ഡി എസ് സെല്‍വരാജ്, അനില്‍ കുമാര്‍ അസിസ്റ്റന്റുമാരായ കെ പി ശശിധരന്‍, സലീംകുമാര്‍, ശ്രീറാം, അരുണ്‍ലോറന്‍സ് എന്നിവരാണ് കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുക.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്ന സി വിജില്‍ ആപ്ലിക്കേഷന്‍, 1950 എന്ന ടോള്‍ ഫ്രീ നമ്പര്‍ , ഹെല്‍പ് ലൈന്‍ നമ്പറുകളായ 04994- 255325, 255324 എന്നിവയിലേക്ക് വരുന്ന പരാതികള്‍, തെരഞ്ഞെടുപ്പ് സംബന്ധിച്ച സംശയങ്ങള്‍ എന്നിവയ്ക്ക് കണ്‍ട്രോള്‍ റൂം മുഖേന ഉടന്‍ മറുപടി ലഭിക്കും. 1950 ഹെല്‍പ് ലൈന്‍ നമ്പറില്‍ നിന്ന് പരാതികളും സംശയനിവാരണത്തിനുമായി ഇതുവരെ 96 കോളുകളാണ് ഇവിടേക്ക് ലഭിച്ചത്.
സി വിജിലില്‍ ലഭിക്കുന്ന പരാതികള്‍ അഞ്ച് മിനുട്ടിനുള്ളില്‍ ഫീല്‍ഡ് ഇന്‍വസ്റ്റിഗേഷന്‍ ടീമിന് കൈമാറുന്നതും കണ്‍ട്രോള്‍ റൂമിന്റെ ചുമതലയാണ്. നൂറ് മിനുട്ടിനുള്ളില്‍ പരാതി പരിഹാരവും ലഭിക്കും.നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി വിജിലില്‍ ഇതുവരെ 666 പരാതികളാണ് ലഭിച്ചത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 292, കാസര്‍കോട് മണ്ഡലത്തില്‍ 191, ഉദുമ മണ്ഡലത്തില്‍ 91, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 69, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 23 എന്നിങ്ങനെയാണ് സി വിജില്‍ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്തത്. മുഴുവന്‍ പരാതികളും പരിഹരിച്ചു.