22,600 പേരുടെ പരിശോധന ലക്ഷ്യം
തിരുവനന്തപുരം: ജില്ലയിൽ ഇന്നും നാളെയുമായി (ഏപ്രിൽ 16, 17) ഊർജിത കോവിഡ് പരിശോധന നടത്തുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ.  22,600 പേർക്കു പരിശോധന നടത്തുകയാണു ലക്ഷ്യം. സംസ്ഥാനതലത്തിൽ നടക്കുന്ന സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ജില്ലയിലും വ്യാപക പരിശോധന നടത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്ത എല്ലാവരെയും പരിശോധനയുടെ ഭാഗമാക്കും. കോവിഡ് മുന്നണി പ്രവർത്തകർ, കോവിഡ് വ്ാപനം വേഗത്തിൽ നടക്കുന്ന പ്രദേശങ്ങളിലുള്ളവർ, പൊതുഗതാഗത മേഖലയിലുള്ളവർ, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലുള്ളവർ, ഹോട്ടലുകൾ, കടകൾ, മാർക്കറ്റുകൾ, സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ, ഡെലിവറി എക്‌സിക്യൂട്ടിവുകൾ തുടങ്ങിയവരെ പ്രത്യേകമായി കണ്ടെത്തി പരിശോധന നടത്തും. ഉയർന്ന തോതിൽ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാർക്കറ്റുകളിലും മൊബൈൽ ആർ.ടി.പി.സി.ആർ. ടെസ്റ്റിങ് യൂണിറ്റുകൾ ഉപയോഗപ്പെടുത്തുമെന്നും കളക്ടർ പറഞ്ഞു.
30 മൊബൈൽ ടീമുകളെയാണ് പരിശോധനയ്ക്കായി ജില്ലാതലത്തിൽ നിയമിച്ചിരിക്കുന്നത്. ഒരു ടീം ഒരു ദിവസം 100 പേർക്കു പരിശോധന നടത്തും. ഇതിനു പുറമേ ജില്ലയിലെ പി.എച്ച്.സി (പ്രതിദിനം 25 പേർക്കു വീതം) സി.എച്ച്.സി.(പ്രതിദിനം 50 വീതം), താലൂക്ക് ആശുപത്രി(പ്രതിദിനം 100 വീതം), ജില്ലാ, ജനറൽ ആശുപത്രി(പ്രതിദിനം 250 വീതം) എന്നിവിടങ്ങളിലും പരിശോധനയുണ്ടാകും. ആയൂർവേദ ആശുപത്രികൾ, ഹോമിയോ ആശുപത്രികൾ, ഡിസ്‌പെൻസറികൾ, സ്വകാര്യ ആശുപത്രികൾ, സ്വകാര്യ മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലും പരിശോധനാ സൗകര്യമുണ്ടാകും. ഒരു ദിവസം കോവിഡ്  11,300 പേർക്കു പരിശോധന നടത്തുക എന്ന ലക്ഷ്യത്തിലാണു ക്രമീകരണങ്ങൾ തയാറാക്കിയിരിക്കുന്നതെന്നും കളക്ടർ പറഞ്ഞു.