ആലപ്പുഴ: കോവിഡ് 19 രണ്ടാം വ്യാപനത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജില്ലയിലെ അതിഥി തൊഴിലാളികൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി. ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിലാണ് ഇവർക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾക്കായി പ്രത്യേക ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചു.

ആദ്യഘട്ടത്തിൽ 2835 ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കിറ്റ് വിതരണത്തിനൊപ്പം അതിഥി തൊഴിലാളികളുടെ വ്യക്തിഗത വിവര ശേഖരണവും നടത്തുന്നുണ്ട്. ഇതുവരെ 9486 അതിഥി തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചു. ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരം അതിഥി തൊഴിലാളികൾക്ക് മാത്രമായി പ്രത്യേകം സി.എഫ്.എൽ.റ്റി.സിയും സജ്ജമാക്കുന്നുണ്ട്.

അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള ഹയർ സെക്കൻഡറി സ്‌കൂളിലും ചന്തിരൂർ പാലസ് ഓഡിറ്റോറിയത്തിലുമാണിത്. ഇവ പ്രവർത്തന ക്ഷമമാക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയതായി ജില്ലാ ലേബർ ഓഫീസർ(ഇ) എം. എസ്. വേണുഗോപാൽ അറിയിച്ചു. അതിഥി തൊഴിലാളികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ജില്ല ലേബർ ഓഫീസിൽ പ്രവർത്തിക്കുന്നുണ്ട്. ഫോൺ: 0477 2253515, 9207420949.