”ജീവന്‍ തന്നെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്ലായിരുന്നു. മരണത്തെ തൊട്ടു മുന്നില്‍ കണ്ട ദിനങ്ങളായിരുന്നു കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍. ജില്ലയിലെ ആരോഗ്യ സംവിധാനങ്ങള്‍ അതിന്റെ പരിമിതികള്‍ക്കിടയിലും എനിക്ക് തന്ന ചികിത്സയും കരുതലുമാണ് എന്നെ ജീവിതത്തിലേക്ക് തിരികെ മടക്കിയത്.

പരിമിതികള്‍ ഏറെയുണ്ടെങ്കിലും ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ച ചികിത്സ എടുത്തു പറയാതെ വയ്യ.” വെസ്റ്റ് എളേരി പഞ്ചായത്തിലെ പറമ്പ സ്വദേശി ഡെന്നി ജോസഫിന് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഓക്‌സിജന്‍ കൗണ്ട് വല്ലാതെ കുറയുകയും ശക്തമായ നെഞ്ചു വേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജിലെത്തിച്ചത്.

അവിടുത്തെ മികച്ച ചികിത്സയുടെയും പരിചരണത്തിന്റെയും ഭാഗമായി അഞ്ച് ദിവസം കൊണ്ട് തന്നെ ആരോഗ്യത്തോടെ വീട്ടിലേക്ക്് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ഡെന്നി ഇപ്പോള്‍. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗബാധിതനായിരുന്ന ഡെന്നി ജോസ് ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ നിന്ന് ചികിത്സ കഴിഞ്ഞ് ഞായറാഴ്ച വൈകിട്ടോടെയാണ് വീട്ടിലെത്തിയത്.

മെയ് 26 നാണ് 38 കാരനായ ഡെന്നി ജോസിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനാലാണ് കോവിഡ് ടെസ്റ്റ് ചെയ്തത്. ഇതിനിടെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഡെന്നിയുടെ സഹപ്രവര്‍ത്തകന് കോവിഡ് പോസിറ്റീവായിരുന്നു. എന്നാല്‍ ഡെന്നിക്ക് കോവിഡിന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. തുടര്‍ന്ന് അമ്മയ്ക്കും മക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചതോടെ എല്ലാവരും വീട്ടില്‍ ചികിത്സയിലായിരുന്നു.

ഇതിനിടെ ഡെന്നിക്ക് ശക്തമായ നെഞ്ചു വേദന അനുഭവപ്പെട്ടതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും തുടര്‍ന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അവിടുത്തെ പരിശോധനയില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നു മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഗുരുവനം സി എഫ് എല്‍ ടി സി എത്തിച്ചു. എന്നാല്‍ ഡെന്നിക്ക് നെഞ്ചുവേദനയും ശ്വാസ തടസ്സവും കൂടിയതോടെ വീണ്ടും നടത്തിയ പരിശോധനയില്‍ ന്യുമോണിയയുടെ ആരംഭമാണെന്ന് കണ്ടെത്തി. പിറ്റേദിവസം ഡെന്നിയെ ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴേക്കും രക്തത്തിലെ ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞു തുടങ്ങിയിരുന്നു. തുടര്‍ന്ന് ഐ സി യു വിലേക്കും മാറ്റി.

അഞ്ച് ദിവസത്തെ ചികിത്സയില്‍ കോവിഡിനെ തോല്പിച്ച് ഡെന്നി ഞായറാഴ്ച വീട്ടിലെത്തി. ഇനി ഒരുമാസം നന്നായി വിശ്രമിച്ച് പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തണം. പരിമിതികള്‍ക്കിടയിലും ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടെയും പിന്തുണയും അവിടുത്തെ മികച്ച ചികിത്സയുമാണ് തന്നെപ്പോലെ അവിടെ എത്തുന്ന ഓരോ പാവപ്പെട്ട രോഗിക്കും ലഭിക്കുന്നതെന്ന് ഡെന്നി പറയുന്നു. ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലെ നോഡല്‍ ഓഫീസര്‍മാരായ ഡോ എം ബി ആദര്‍ശ്, ഡോ ആശിഷ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് രോഗികളുടെ ചികിത്സ നടക്കുന്നത്.