കാസർഗോഡ്:   വീരമലക്കുന്ന് ടൂറിസം പദ്ധതിയുടെ ഭാഗമായി എം.രാജഗോപാലന്‍ എം.എല്‍.എയുടെയും ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെയും നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. സപ്ത ഭാഷാ ഭൂമിയായ കാസര്‍കോടിന്റെ പൈതൃകം വിളിച്ചോതുന്ന കലാഗ്രാമമായ വീരമലയില്‍ വനംവകുപ്പിന്റ കൈവശമുള്ള സ്ഥലത്ത് വകുപ്പിന്റെ തന്നെ നേതൃത്വത്തില്‍ വനസംരക്ഷണ സമിതി രൂപീകരിച്ച് ഇക്കോടൂറിസം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പൂരോഗമിക്കുകയാണ്.

കൂടാതെ റവന്യൂവകുപ്പിന്റെ കൈവശമുള്ള സ്ഥലത്ത് ബി.ആര്‍.ഡി. സി. മുഖാന്തിരം ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായി. പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തേണ്ട അടിസ്ഥാന സൗകര്യ വികസനവും, പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.

ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീള, ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവന്‍, ഹോസ്ദുര്‍ഗ്ഗ് തഹസില്‍ദാര്‍ മണിരാജ്, ചെറുവത്തൂര്‍ വില്ലേജ് ഓഫീസര്‍ ബിജു, ബി.ആര്‍.ഡി.സി ഉദ്യോഗസ്ഥരായ സുനില്‍കുമാര്‍, രജിത, പദ്ധതി യുടെ ആര്‍കിടെക്ട് മധുകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.