ഇടുക്കി: ഏഴാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് സംയുക്തമായി നടത്തിയ യോഗത്തോണ്‍ 2021 പരിപാടിയോട് അനുബന്ധിച്ച് ഇടുക്കി ഹില്‍ വ്യൂ പാര്‍ക്കില്‍ രാവിലെ പതിനൊന്നു മണി മുതല്‍ അവബോധന ക്ലാസ്സും യോഗ പ്രദര്‍ശനവും നടത്തി. കോവിഡ് 19 പ്രതിരോധത്തില്‍ യോഗയുടെ പ്രാധാന്യവും യോഗാഭ്യാസം മുറകളും എന്നതായിരുന്നു പ്രധാന പ്രതിപാദ്യവിഷയം.

ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ഐ എസ് എം ) ഡോക്ടര്‍ കെ പി ശുഭ യുടെയും നാഷണല്‍ ആയുഷ് മിഷന്‍ ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കബീര്‍ എ എം എന്നിവരുടെ നേതൃത്വത്തില്‍ ആണ് ജില്ലയില്‍ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ യോഗ നാച്ചുറോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രദീപ് ദാമോദരനും ഡോ. ജയപ്രസാദ് കെ. ജെ. യുമാണ് ക്ലാസുകള്‍ നയിച്ചത്.

തുടര്‍ന്ന് തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജീവനക്കാര്‍ക്കു വേണ്ടി ഡോ. കാജല്‍ അന്ന മാണിയുടെ നേതൃത്വത്തില്‍, ദിവസേന പരിശീലിക്കാവുന്ന യോഗാഭ്യാസ മുറകളെ പറ്റിയും അവയുടെ പ്രയോജനങ്ങളെ പറ്റിയും പ്രദര്‍ശനവും വിവരണവും ചോദ്യോത്തരപംക്തിയും നടത്തി.