അനര്‍ഹമായി മുന്‍ഗണന/എ.എ.വൈവിഭാഗം റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ളവര്‍ കാര്‍ഡ് തിരികെ ഏല്‍പ്പിച്ചില്ലെങ്കില്‍ പിടിവീഴും. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വെച്ചതിന് ഇതുവരെയായി ജില്ലയില്‍ 4,51,928 രൂപ പിഴ ഈടാക്കി. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ നിശ്്ചിത കാലയളവില്‍ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ അധിക വിലയാണ് പിഴയൊടുക്കേണ്ടി വരുന്നത്.
2018 ജൂലായ് 27 മുതല്‍ 2021 ജൂണ്‍ 24വരെ 7558 റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും മാറ്റിയിട്ടുണ്ട്്. പിഴയില്ലാതെ കാര്‍ഡ് തിരികെ ഏല്‍പ്പിക്കാന്‍ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് ശേഷം 469 പേരാണ് കാര്‍ഡ് തിരികെ ഏല്‍പ്പിച്ചത്. കാസര്‍കോട് താലൂക്കില്‍ 143 കാര്‍ഡുകളും ഹൊസ്ദുര്‍ഗില്‍ 158, മഞ്ചേശ്വരത്ത് 109, വെള്ളരിക്കുണ്ട് താലൂക്കില്‍ 59 റേഷന്‍ കാര്‍ഡുകളും തിരികെ ഏല്‍പ്പിച്ചു.
നിലവില്‍ ജൂണ്‍ 30വരെയാണ് മുന്‍ഗണനാ കാര്‍ഡ് കൈവശം വെച്ചിട്ടുളള അനര്‍ഹര്‍ക്ക് നടപടികള്‍ ഇല്ലാതെ കാര്‍ഡ് തിരികെ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുള്ളത്. അനര്‍ഹരായവര്‍ അതാത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ റേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിക്കാന്‍ ആണ് നിര്‍ദേശം. തുടര്‍ പരിശോധനകളില്‍ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെക്കുന്നത് പിടിക്കപ്പെട്ടാല്‍ 2016 നവംബര്‍ മുതല്‍ നാളിതുവരെ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ അധികവില പിഴയാണ് ഈടാക്കും. പിഴ ഒടുക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടികളുണ്ടാകും. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല/ബാങ്കിംങ് മേഖലകളില്‍ ജോലിചെയ്യുന്നവര്‍, സര്‍വ്വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ മുന്‍ഗണന/എ.എ.വൈകാര്‍ഡുകള്‍ കൈവശംവച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്കും ശുപാര്‍ശ ചെയ്യും.