ലോകശ്രദ്ധയാകർഷിക്കുന്ന കായികനഗരമായി കൊച്ചിയെ വളർത്തിയെടുക്കും

എറണാകുളം: സംസ്ഥാനത്ത്‌ സമഗ്രകായിക നയം രൂപീകരിക്കുമെന്നും ലോകശ്രദ്ധയാകർഷിക്കുന്ന കായികനഗരമായി കൊച്ചിയെ വളർത്തിയെടുക്കുമെന്നും കായികമന്ത്രി വി അബ്ദുറഹ്മാൻ. ഗവ. ഗസ്റ്റ് ഹൗസിൽ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവുമായി നടത്തിയ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മഹാരാജാസ് കോളേജ് മൈതാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തിരുവനന്തപുരത്തു ഉന്നതതല യോഗം ചേരും.

കായിക നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി കായിക താരങ്ങൾ , മുൻ കായികതാരങ്ങൾ, കായിക പ്രഗത്ഭർ തുടങ്ങിയവരുമായി ചർച്ച നടത്തി ജില്ലാ – സംസ്ഥാന തലങ്ങളിൽ ശില്പശാലകൾ സംഘടിപ്പിക്കും . അനേകം കായികതാരങ്ങളെ സംഭാവന ചെയ്ത സംസ്ഥാനമാണ് കേരളം . എന്നാൽ ചില നാളുകളായി നമ്മുടെ കായികതാരംങ്ങൾക്കു ഉന്നത സ്ഥാനങ്ങളിൽ എത്താൻ സാധിക്കുന്നില്ല . ഇതിനെക്കുറിച്ചും പഠനം നടത്തും .

ജില്ലയിലെ കായിക രംഗത്തെ പ്രധാന പ്രശ്നങ്ങൾ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു . മഹാരാജാസ് കോളേജ് മൈതാനവും സിന്തറ്റിക് ട്രാക്കും നശിക്കാതിരിക്കാൻ നടപടി സ്വീകരിക്കും. നിലവിൽ ട്രാക്കും ഫീൽഡും നവീകരിക്കുന്നതിന് ആവശ്യമായ 7 കോടി രൂപ സ്പോർട്സ് കൗൺസിൽ വകയിരുത്തിയിട്ടുണ്ട് . വാട്ടർ സ്പോർട്സിനു ഏറ്റവും സാധ്യതത്തുള്ള പട്ടണമാണ് കൊച്ചി . ഇതുമായി ബന്ധപെട്ടു പ്രൊജെക്ടുകൾ തയ്യാറാക്കും. കോവിഡാനന്തര കാലഘട്ടത്തിൽ കായികക്ഷമത വർധിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകന്നതിനു പ്രൈമറി വിദ്യാലയം മുതൽ കോളേജ് തലത്തിൽ വരെ അതിനു ഉതകുന്ന പരിപാടികൾ സംഘടിപ്പിക്കും.

സംസ്ഥാനത്ത്‌ ആദ്യമായി ജില്ലയിൽ വനിതകൾക്കായി പനമ്പിള്ളി നഗറിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കും. കൂടാതെ കായിക യുവജന കാര്യാലയത്തിന്റെ റീജിയണൽ ഓഫീസും ജില്ലയിൽ ആരംഭിക്കും. സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപണികൾ നടത്തുന്നതിൽ നാം പിന്നോക്കമാണ്. ഇതിനു പരിഹാരമായി കായികരംഗത്തെ സഹായിക്കുന്നതിന് സ്പോർട്സ് കേരള ലിമിറ്റഡ് എന്ന പേരിൽ ആരംഭിക്കുന്ന പൊതുമേഖലാ സ്ഥാപനനത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി. ഈ സാമ്പത്തിക വർഷം സ്ഥാപനം പ്രവർത്തനം ആരംഭിക്കും. ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ സംസഥാനത്തെ കളിക്കളങ്ങൾ എന്നും സജീവമാകുമെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല സ്പോർട്സ് കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അസോസിയേഷനുകളുടെ യോഗം ചേർന്ന് പ്രവർത്തനങ്ങൾ സജീവമാക്കും.

കായികാടിസ്ഥാന വികസനത്തിനായി മുൻ സർക്കാർ 850 കോടി രൂപയാണ് വിനയോഗിച്ചതു. എല്ലാ പഞ്ചായത്തുകളിലും ഒരു കളിസ്ഥലം ഒരുക്കി കായികരംഗം സജീവമാക്കാനാണ് ഈ സർക്കാർ ലക്ഷ്യമിടുന്നത് എന്നും മന്ത്രി പറഞ്ഞു. ദേശീയ – അന്താരാഷ്ട്ര മത്സരങ്ങളിൽ കായികതാരങ്ങൾ പങ്കെടുത്തു നാടിന്റെ യശസ്സ് ഉയർത്താൻ വേണ്ട സഹായങ്ങൾ കായിക താരങ്ങൾക്കു നൽകും. കാലഘട്ടത്തിനാവശ്യമായ പരിശീലനം കായിക താരങ്ങൾക്കും ഒപ്പം പരിശീലകർക്കും നൽകും. കൂടാതെ ഒളിമ്പിക്സ് മെഡൽ നേടുന്നവർക്ക് ഉചിതമായ പാരിതോഷികവും സ്വീകരണവും നൽകും. നാല് വർഷത്തിനുള്ളിൽ കായികരംഗത്തെ ആരോഗ്യ- വിദ്യാഭ്യാസ മേഖലയെപോലെ തന്നെ ഉന്നത നിലവാരം പുലർത്തുന്ന രീതിയിൽ മാറ്റി എടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത്‌ സമഗ്രകായിക നയം രൂപീകരിക്കുന്നതിന് ഭാഗമായി ജില്ലയിലെ ജനപ്രതിനിധികളോടൊപ്പം മന്ത്രി മഹാരാജാസ് കോളേജ് മൈതാനം യോഗത്തിനു ശേഷം സന്ദർശിച്ചു. യോഗത്തിൽ ഹൈബി ഈഡൻ എം പി , എം എൽ എമാരായ ടി ജെ വിനോദ്, പി ടി തോമസ് , കെ ജെ മാക്സി , പി വി ശ്രീനിജിൻ, കൊച്ചി കോർപറേഷൻ മേയർ എം അനിൽകുമാർ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സി കുട്ടൻ, ജി സി ഡി എ ചെയർമാൻ വി സലിം , ജില്ലാ കളക്ടർ എസ് സുഹാസ് തുടങ്ങിയവർ പങ്കെടുത്തു.