കോഴിക്കോട്: ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് ടെട്രാ എക്‌സ് മോഡല്‍ ഇലക്ട്രോണിക് വീല്‍ ചെയര്‍ നല്‍കി. ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന ഭിന്നശേഷി സഹായ ഉപകരണ വിതരണം തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. രണ്ടു ലക്ഷം രൂപയാണ് ഒരു ഉപകരണത്തിന്റെ വില. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനാണ് ഉപകരണം ലഭ്യമാക്കിയത്. 40 ശതമാനത്തിലധികം വൈകല്യമുള്ളവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ കവിയാത്തതുമായവരെയാണ് വിതരണത്തിന് പരിഗണിച്ചത്.

മായനാട് ഭിന്നശേഷി സദനില്‍ നടന്ന പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം.സോമന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.മോഹനന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍, ഭിന്നശേഷി സദന്‍ സൂപ്രണ്ട് അബ്ദുല്‍ കരീം, ഇന്‍സ്ട്രക്ടര്‍ പി.ആര്‍.രാധിക, ജൂനിയര്‍ സൂപ്രണ്ട് സീനോ സേവി തുടങ്ങിയവര്‍ പങ്കെടുത്തു. വീല്‍ചെയര്‍ ഉപയോഗിക്കേണ്ട വിധം സംബന്ധിച്ച് ആര്‍.റിയാസ് സാങ്കേതിക വിവരണം നല്‍കി.