ഇടുക്കി: ഓണക്കാലത്ത് പച്ചക്കറി സമൃദ്ധി ഒരുക്കുന്നതിനായി ഹരിത രശ്മി പദ്ധതിയുടെ ഭാഗമായ കര്‍ഷകരെ ഉള്‍പ്പെടുത്തി നിറവല്ലം എന്ന പച്ചക്കറി പ്രോത്സാഹന പരിപാടിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് നല്‍കുന്ന വിത്തുകളുടെയും തൈകളുടേയും ജില്ലാതല വിതരണോദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് കോടാലിപ്പാറ മാതൃക കൃഷിത്തോട്ടത്തില്‍ തൈ നട്ടു നിര്‍വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോസുകുട്ടി കണ്ണമുണ്ടയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.പി.ഒ നന്ദിനി കെ. പി മുഖ്യപ്രഭാഷണം നടത്തി. കാഞ്ചിയാര്‍ പഞ്ചായത്ത് മെമ്പര്‍മാരായ റോയി പി.വി, സുഷമ ശശി, ഊരുമൂപ്പന്‍ രവി റ്റി.സി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സിഎംഡി അസി. പ്രൊഫസര്‍ ജ്യോതിരാജ് ബിജി പദ്ധതി വിശദീകരിച്ചു. കട്ടപ്പന റ്റി.ഇ.ഒ സുനീഷ് പി.വൈ സ്വാഗതവും ഹരിതരശ്മി കര്‍ഷകസംഘം സെക്രട്ടറി കൃഷ്ണന്‍കുട്ടി ഇ.വി നന്ദിയും പറഞ്ഞു. കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പദ്ധതിയിലൂടെ വെണ്ട, പയര്‍, പച്ചമുളക,് തക്കാളി, പടവലം, വെള്ളരി, വഴുതന, മത്തന്‍, ചീര തുടങ്ങിയവയുടെ പച്ചക്കറിത്തൈകളും വിത്തുകളും ആണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. ഇടുക്കി ജില്ലയില്‍ കാഞ്ചിയാര്‍, ഉപ്പുതറ, ഇടുക്കി, കഞ്ഞിക്കുഴി, വാഴത്തോപ്പ്, അറക്കുളം, അടിമാലി, മറയൂര്‍, കാന്തല്ലൂര്‍ എന്നിവടങ്ങളിലെ ആയിരം ഗുണഭോക്താക്കളാണ് ഈ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്. കേരള സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റാണ് ഈ പദ്ധതി നിര്‍വഹണത്തിന് നേതൃത്വം നല്‍കുന്നത്.