ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഹൈ ആള്‍ട്ടിറ്റിയുഡ് ട്രെയിനിംഗ് സെന്ററുകളില്‍ ഒന്നായ മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയുഡ് ട്രെയിനിംഗ് സെന്ററിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അഡ്വ.എ.രാജ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, സംസ്ഥാന കായികവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം മേലധികാരികള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍, ജില്ലായോഗാ അസ്സോസിയേഷന്‍ പ്രസിഡന്റ് ആര്‍.ഈശ്വരന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ ആര്‍.മോഹനന്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി. സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ പണികള്‍ വേഗം പൂര്‍ത്തീകരിക്കുവാനും 15 ഏക്കര്‍ വരുന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള മൂന്നാര്‍ സ്റ്റേഡിയം കായിക വകുപ്പുമായി ബന്ധപ്പെട്ട് നവീകരിക്കാനുള്ള പദ്ധതി തയ്യാറാക്കാനും തീരുമാനിച്ചു.
വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിരുന്ന സെന്റര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളുടെയും, ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ കായിക വകുപ്പില്‍ നിന്നും ഒരു കോടി ഏഴു ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളും, 40 ലക്ഷം രൂപ മുടക്കുമുതലില്‍ ഇന്റര്‍നാഷണല്‍ നിലവാരത്തിലുള്ള ജിംനേഷ്യത്തിന്റെയും, ഫില്‍ട്രേഷന്‍ പ്ലാന്റിന്റെയും നിര്‍മ്മാണം ആരംഭിച്ചത്. ദേശീയ, അന്തര്‍ദേശീയ നിലവാരത്തിലുള്ള കായികതാരങ്ങള്‍ക്ക് താമസിച്ച് മികച്ച രീതിയില്‍ പരിശീലനം നടത്തുന്നതിനുള്ള സൗകര്യം സെന്ററില്‍ ലഭ്യമാകും. ജിംനേഷ്യം പൊതുജനങ്ങള്‍ക്കുംകൂടി ഉപയോഗിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. സര്‍ക്കാരിന്റെ ഇച്ഛാശക്തിയോടുകൂടിയുള്ള ഇടപെടലിന്റെ ഭാഗമായിട്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്.