കാസർഗോഡ്: ജില്ലയിലെ കായിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സമഗ്ര കായിക വികസന പ്രൊജക്ട് എ.കെ.എം അഷ്റഫ് എം.എൽ.എ. പ്രകാശനം ചെയ്തു. കായിക താരങ്ങളായ ഗോപാലകൃഷ്ണൻ, പി കുഞ്ഞികൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി. കായിക മേഖലയിൽ ജില്ല നേരിടുന്ന പരിമിതികളെ അതിജീവിക്കാൻ വലിയ വികസന പദ്ധതികൾ ആവശ്യമാണെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു.
ജില്ലയിലെ 38 കായിക ഇനങ്ങൾ ഉൾപ്പെടുത്തിയാണ് പ്രൊജക്ട് തയ്യാറാക്കിയിട്ടുള്ളത്. കായിക മേഖല നേരിടുന്ന പ്രതിസന്ധികൾ, മുന്നിലുള്ള സാധ്യതകൾ ഏറ്റെടുക്കേണ്ട പദ്ധതികൾ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം സമഗ്രമായി പ്രൊജക്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പ്രൊജക്ടിന്റെ രൂപരേഖ ഡോ. എം.കെ. രാജശേഖരൻ അവതരിപ്പിച്ചു. സ്റ്റേഡിയം, മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം, പരിശീലന മൈതാനം, സ്പോർട്സ് അക്കാദമി ഹോസ്റ്റൽ, പരിശീലനത്തിനും കായിക ഉപകരണങ്ങൾക്കുമായുള്ള ചെലവ് എന്നിവയുടെയെല്ലാം ആകെ ചെലവായാണ് 370.97 കോടിയുടെ പ്രൊജക് രൂപരേഖ തയ്യാറാക്കിയത്.